കൊച്ചി > എറണാകുളം മഹാരാജാസ് മിനി സ്റ്റേഡിയത്തിൽ കേരളം നേടിയ ആദ്യ സന്തോഷ് ട്രോഫി വിജയം 50–-ാംവയസ്സിലേക്ക്. 1973 ഡിസംബർ 27ന് ഫൈനലിൽ കരുത്തരായ റെയിൽവേസിനെ ക്യാപ്റ്റൻ ടി കെ എസ് മണിയുടെ ഹാട്രിക്കിൽ (3-–-2) തോൽപ്പിച്ചാണ് കേരളം ആദ്യ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.
ആദ്യജയത്തിന് 50 വയസ്സ് തികയുമ്പോൾ അന്നത്തെ 25 അംഗ ടീമിലെ ക്യാപ്റ്റൻ ഉൾപ്പെടെ ഒമ്പതുപേരും കോച്ചും മരണപ്പെട്ടു. ആദ്യ കിരീടനേട്ടം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മുൻകാല സന്തോഷ് ട്രോഫി താരങ്ങൾ. ടൂർണമെന്റിൽ പങ്കെടുത്ത പല താരങ്ങളും ഇന്ന് സാമ്പത്തിക പരാധീനതകൾക്ക് നടുവിലാണെന്ന് സന്തോഷ് ട്രോഫി ഫുട്ബോൾ പ്ലയേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താണ് ഫുട്ബോൾ താരങ്ങൾ അസോസിയേഷന് രൂപംനൽകിയത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന താരങ്ങൾക്ക് സഹായം എത്തിക്കാനും ഭാവിതാരങ്ങൾക്ക് പരിശീലനമടക്കം ഒരുക്കാനുമാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.
ആദ്യകിരീടം നേടിയ ടീമിലെ ജീവിച്ചിരിക്കുന്ന താരങ്ങളെ ആദരിക്കുന്നതിനും സ്മരണിക പുറത്തിറക്കുന്നതിനും മഹാരാജാസ് സ്റ്റേഡിയം വീണ്ടും വേദിയാകും. നവംബർ അവസാനമായിരിക്കും ’73ലെ താരങ്ങൾക്ക് ആദരമൊരുക്കുക. ഇവർ ജഴ്സിയണിഞ്ഞ് സൗഹൃദമത്സരത്തിലും പങ്കാളികളാകും. കേരള ഫുട്ബോളിന്റെ സമഗ്രചരിത്രവും സന്തോഷ് ട്രോഫിയിൽ ഇന്നുവരെ പങ്കെടുത്ത താരങ്ങളുടെ വിവരങ്ങളടങ്ങിയ സ്മരണികയും ഇതോടനുബന്ധിച്ച് പുറത്തിറക്കുമെന്നും അസോസിയേഷൻ ഭാരവാഹികളായ വി പി ഷാജി, പി പി തോബിയാസ്, ജോസ് പി അഗസ്റ്റിൻ, എം എം ജേക്കബ്, കെ അബ്ദുൾ റഷീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.