ഹാമിൽട്ടൺ
വനിതാ ഫുട്ബോൾ ലോകകപ്പിൽ അമേരിക്കയ്ക്കും ജപ്പാനും ആധികാരിക ജയം. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക വിയറ്റ്നാമിനെ മൂന്ന് ഗോളിന് തോൽപ്പിച്ചപ്പോൾ ജപ്പാൻ 5–-0ന് സാംബിയയെ തുരത്തി. ഹെയ്തിയുടെ ചെറുത്തുനിൽപ്പ് മറികടന്ന് ഇംഗ്ലണ്ട് ഒരു ഗോളിന് ജയിച്ചു. ഡെൻമാർക്ക് സമാന സ്കോറിന് ചൈനയെയും മറികടന്നു.
ചാമ്പ്യൻമാർക്കെതിരെ വിയറ്റ്നാം പൊരുതിക്കളിച്ചെങ്കിലും തടയാനായില്ല. ഇരുപത്തിരണ്ടുകാരി സോഫിയ സ്മിത്തിന്റെ ഇരട്ടഗോളിൽ അമേരിക്ക കരുത്തറിയിച്ചു. ഒരെണ്ണം ലിൻഡ്സെ ഹൊറൻ നേടി. തുടക്കത്തിൽ അമേരിക്കൻ ക്യാപ്റ്റൻ അലെക്സ് മോർഗന്റെ പെനൽറ്റി വിയറ്റ്നാം ഗോൾ കീപ്പർ ട്രാൻ തി കിം താൻ തടയുകയായിരുന്നു.
മുൻനിര താരങ്ങൾക്കു പകരം യുവതാരങ്ങളായിരുന്നു അമേരിക്കൻ ടീമിൽ കൂടുതലും. ആദ്യ ലോകകപ്പ് കളിക്കാനെത്തിയ 14 പേരുണ്ട് അമേരിക്കൻ ടീമിൽ. സ്മിത്തിന്റെയും ആദ്യ ലോകകപ്പാണ്. ലോകവേദിയിലെ അരങ്ങേറ്റക്കളിയിൽ സ്മിത്ത് മിന്നി. ആദ്യപകുതിയിൽത്തന്നെ രണ്ട് ഗോൾ തൊടുത്തു. മോർഗന്റെ പെനൽറ്റി ട്രാൻ തടഞ്ഞെങ്കിലും അവസാനഘട്ടത്തിൽ ഹൊറൻ ചാമ്പ്യൻമാരുടെ ജയം പൂർത്തിയാക്കി.
ലോകകപ്പിൽ തുടർച്ചയായ 13–-ാംജയമാണ് അമേരിക്കയ്ക്ക്. അതിനിടെ മുപ്പത്തെട്ടുകാരി മേഗൻ റാപിനോ 200 മത്സരവും പൂർത്തിയാക്കി. പകരക്കാരിയായാണ് കളത്തിലെത്തിയത്. ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് അമേരിക്ക.മുൻ ചാമ്പ്യൻമാരായ ജപ്പാൻ ഗ്രൂപ്പ് സിയിൽ തകർപ്പൻ ജയവുമായി ഒന്നാമതെത്തി. ഹിനാതാ മിയാസാവ ഇരട്ടഗോളടിച്ചു. റിക്കോ യുയേക്കി, ജുൺ എൻഡോ, മിനാ ടനാക എന്നിവരും ജപ്പാനുവേണ്ടി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിനെതിരെ ഹെയ്തി പൊരുതിക്കളിച്ചു. ജോർജിയ സ്റ്റാൻവേയുടെ പെനൽറ്റി ഗോളിലാണ് ഇംഗ്ലണ്ട് രക്ഷപ്പെട്ടത്.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ചൈനയ്ക്കെതിരെ ഡെൻമാർക്ക് അവസാന നിമിഷമാണ് ജയംകുറിച്ചത്. അമയ്ലി വാൻസ്ഗാർദിന്റെ ഹെഡറിലായിരുന്നു ജയം.