കൊച്ചി
മണിപ്പുരിൽ വംശീയതയുടെ പേരിൽ വർഗീയകലാപമുണ്ടാക്കുകയും ക്രൈസ്തവർ കൊടിയപീഡനങ്ങൾക്ക് ഇരയാകുകയും ചെയ്തതിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് അനിഷേധ്യപങ്കുണ്ടെന്ന് കെസിബിസി ഐക്യ ജാഗ്രതാ കമീഷൻ പ്രസ്താവനയിൽ പറഞ്ഞു.
പൗരന്റെ ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും ദൈവവിശ്വാസത്തിനും ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത ഏതൊരു രാഷ്ട്രീയസംവിധാനവും പരാജയമാണ്. ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജർക്കെതിരെ കഴിഞ്ഞവർഷംമുതൽ പ്രതികാരബുദ്ധിയോടെ മണിപ്പുർ സർക്കാർ നിലപാടുകൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. സമീപകാലത്ത് ഭരണഘടനാവിരുദ്ധമായ ഹൈക്കോടതി ഇടപെടലും അനുബന്ധ സർക്കാർ നിലപാടുകളും വർഗീയമായി അന്ധത ബാധിച്ച ഭരണകൂടത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.
രണ്ട് സ്ത്രീകൾക്കെതിരായ പീഡനദൃശ്യങ്ങൾ സമൂഹം ഉൾക്കിടിലത്തോടെയാണ് വീക്ഷിച്ചത്. ഇത്തരം എണ്ണമറ്റ സംഭവങ്ങൾ മണിപ്പുരിൽ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വിവിധതലങ്ങളിൽ വർഗീയതയും വംശീയതയും സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം പകരുന്നതിൽ കെസിബിസി ഐക്യ ജാഗ്രതാ കമീഷൻ പ്രതിജ്ഞാബദ്ധമാണെന്നും -പ്രസ്താവനയിൽ പറഞ്ഞു.