കോട്ടയം
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കം. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെജിബി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ മീന പതാക ഉയർത്തി.
മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തി നടന്ന സിഗ്നേച്ചർ ക്യാമ്പയിനോടെയാണ് സമ്മേളനം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് പി രാജേഷ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ, സിസിജിഇ ജില്ലാ സെക്രട്ടറി രാജേഷ് ഡി മാന്നാത്ത്, എൽഐസി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷൻ ജോയിന്റ് സെക്രട്ടറി ടി ബാലകൃഷ്ണൻ, എഐആർആർബിഇഎ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജിബേഷ് ചക്രവർത്തി, സെക്രട്ടറി സമറാൻ ബേദി, സി രാജീവൻ, ബിഇഎഫ്ഐ അഖിലേന്ത്യാ വനിത സബ് കമ്മിറ്റി കൺവീനർ കെ കെ രജിത മോൾ തുടങ്ങിയവർ സംസാരിച്ചു.
“തുല്യജോലിക്ക് തുല്യവേതനം’ എന്ന സെമിനാറിൽ എഐആർആർബിഇഎ ലീഗൽ സബ്കമ്മിറ്റി കൺവീനർ കെ ജി മദനൻ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ഓഫീസേഴ്സ് യൂണിയൻ ആക്ടിങ് ജനറൽ സെക്രട്ടറി ജി പ്രശാന്ത് റിപ്പോർട്ടും എംപ്ലോയീസ് യൂണിയൻ ട്രഷറർ കെ എം മനോജ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളെ ഞായറാഴ്ച തെരഞ്ഞെടുക്കും.
യോജിച്ച സമരം വേണം: വിജൂ കൃഷ്ണൻ
ബിജെപി സർക്കാരിനും സംഘപരിവാറിനും നവലിബറൽ നയത്തിനുമെതിരെ തൊഴിലാളികളുടെ യോജിച്ച സമരം ഉയരണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു. കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ എന്നിവയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവി ഇന്ത്യ മണിപ്പുർ ആകാതിരിക്കാൻ പ്രതിരോധം തീർക്കണം. ശ്രീലങ്കയിൽ നടന്ന സമരത്തിന് സമാനമായ സമരം രാജ്യത്ത് ഉയരണം. ഡൽഹിയിലും ഉത്തർപ്രദേശിലും മുസ്ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മണിപ്പുരിൽ ക്രിസ്ത്യൻ വിഭാഗംആക്രമിക്കപ്പെടുന്നു. ഇതിന്റെയൊക്കെ പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും വിജൂ കൃഷ്ണൻ പറഞ്ഞു.