തിരുവനന്തപുരം
പുതുപ്പള്ളിയിൽനിന്നെത്തിയ വിദ്യാർഥി നേതാവിന് കോൺഗ്രസിൽ വടവൃക്ഷംപോലെ പടർന്നു പന്തലിക്കാൻ മണ്ണൊരുക്കിയ അനന്തപുരി അശ്രുപുഷ്പങ്ങളേകി അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ–- ഭരണ പ്രവർത്തനങ്ങളിലും തന്ത്രങ്ങൾ മെനയുന്നതിലും ചടുലവേഗം കൈമുതലായിരുന്ന ഉമ്മൻചാണ്ടിയുടെ തിരക്കുള്ള ജീവിതം തിരുവനന്തപുരത്തിന് നിത്യകാഴ്ചയായിരുന്നു. ജഗതിയിലെ പുതുപ്പള്ളി വീട്ടിലും സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് പള്ളിയിലും ഇന്ദിരാ ഭവനിലും ചേതനയറ്റ് നേതാവെത്തിയപ്പോൾ വിതുമ്പലോടെയാണ് സഹപ്രവർത്തകരും ഉറ്റവരും യാത്രാമൊഴിയേകിയത്.
പതിറ്റാണ്ടുകൾ തന്നോടൊപ്പം വലംകൈയായും ഗ്രൂപ്പ് കപ്പിത്താനായും നിന്ന ‘ഒ സി’യുടെ മൃതദേഹത്തിനു മുന്നിൽ എ കെ ആന്റണി വികാരാധീനനായി. പുതുപ്പള്ളി വീട്ടിൽ ആന്റണിയും വി എം സുധീരനും പൊട്ടിക്കരഞ്ഞു. ജനങ്ങളെ കേൾക്കാൻ ദീർഘനേരം മാറ്റിവച്ചിരുന്ന പുതുപ്പള്ളി വീട്ടിലെ കൊച്ചുമുറിയിൽ തേങ്ങലുകൾ തളംകെട്ടി.
ദർബാർ ഹാളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാലോടെതന്നെ സെക്രട്ടറിയറ്റിൽ എത്തിയിരുന്നു. ഏഴോടെയാണ് ജഗതിയിൽനിന്ന് മൃതദേഹം ദർബാർ ഹാളിൽ എത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. സെക്രട്ടറിയറ്റിന്റെ ഗേറ്റുകളിൽ രാത്രിയേറെ വൈകിയും ജനക്കൂട്ടം കാത്തുനിന്നു. അനന്തപുരി ഉറങ്ങാതെ മറ്റൊരു ജനനേതാവിനുകൂടി അവസാന യാത്രയിൽ ആദരമർപ്പിച്ചു.















