തിരുവനന്തപുരം> ഉമ്മൻചാണ്ടി നിയമസഭയിൽ പിന്നിട്ടത് 53 വർഷം. 1970 സെപ്തംബർ 17 ന്പുതുപ്പള്ളിയിൽനിന്ന് തുടങ്ങിയ ആ ജൈത്രയാത്ര തോൽവി അറിഞ്ഞതേയില്ല. എന്നും എവിടെയും എ കെ ആന്റണിയുടെ നിഴലാകാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിയോഗം.
കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, മുഖ്യമന്ത്രി സ്ഥാനങ്ങളിൽ ആന്റണിയുടെ പിൻഗാമിയായി. ഒരോ പദവിയും വന്നുചേർന്നത് ആകസ്മികതകളിലൂടെ. കേരള രാഷ്ട്രീയത്തിലെ പ്രത്യേക പ്രതിഭാസമായ എ ഗ്രൂപ്പിന്റെ ഘടനയും അതിന് സഹായകരമായി. ഗ്രൂപ്പ് അറിയപ്പെട്ടത് ഒന്നാമനായ ആന്റണിയുടെ പേരിൽ; മുഴുവൻ നിയന്ത്രണവും പ്രവർത്തനവും രണ്ടാമനായ ഉമ്മൻചാണ്ടിയുടെ കൈപ്പിടിയിൽ. ഇരുവരും തമ്മിലുള്ള ഐക്യവും സൗഹൃദവും അസാധാരണമായിരുന്നു. 1980ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിൽ ചേർന്നതും മടങ്ങിയതും കെ കരുണാകരനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതുമെല്ലാം ഇരുവരും ചേർന്നാണ്.
വി എം സുധീരനും എ കെ ആൻറണിക്കും ഒപ്പം ഉമ്മൻചാണ്ടി
അവസാനം കരുണാകരനെ ഇറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കി. ഇവരുടെ ബന്ധത്തിൽ കല്ലുകടി അനുഭവപ്പെട്ടത് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടപ്പോഴാണ്. 2004 ആഗസ്ത് 28ന് സോണിയാ ഗാന്ധി എസ്എൻഡിപി ചടങ്ങിനുശേഷം മടങ്ങിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ വികാരഭരിതനായ ആന്റണി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഹൈക്കമാൻഡിലും മറ്റും ചെലുത്തിയ സമ്മർദത്തിന്റെ ഫലമാണ് രാജിയെന്ന റിപ്പോർട്ടുകൾ ഇന്നോളം നിഷേധിക്കപ്പെട്ടില്ല. ആന്റണി നിർദേശിച്ച പ്രകാരം കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയായി. പ്രവർത്തനരംഗം ഡൽഹിക്ക് മാറ്റിയ ആന്റണി എട്ടുവർഷം കേന്ദ്രമന്ത്രിയായി. ഇക്കാലമത്രയും ഇരുവരും തമ്മിലുണ്ടായത് നാമമാത്ര‐ ഔപചാരിക ബന്ധം മാത്രം.