തിരുവനന്തപുരം> ജനാധിപത്യ കേരളത്തിന്റെ തീരാനഷ്ടമാണ് ഉമ്മൻചാണ്ടിയുടെ നിര്യാണമെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ . മത സൗഹാദത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജനങ്ങളുടെ ഉമ്മന്‍ചാണ്ടിയെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്തിന്റെ കരങ്ങളാണ്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു ഉമ്മൻചാണ്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് ഇത്രയും സുരക്ഷ ഉറപ്പ് നൽകിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരു മുദ്രാവാക്യം എന്നതിലുപരി ‘അതിവേഗം ബഹുദൂരം’ എന്നത് അദ്ദേഹത്തിന്റെ ജീവിത സന്ദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.