കാലടി> കാലടി ശ്രീശങ്കര കോളേജിൽ പെൺകുട്ടിയെ റാഗ്ചെയ്ത കേസിലെ പ്രതികളായ കെഎസ്യുക്കാരെ ലോക്കപ്പിൽനിന്ന് ബലമായി പുറത്തിറക്കിയ സംഭവത്തിൽ എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 13 പേരെയും കാലടി പൊലീസ് പ്രതിചേർത്തിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധ സംഘംചേരൽ, കലാപശ്രമം, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. റാഗിങ് കേസിൽ കാലടി പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്യു യൂണിറ്റ് പ്രസിഡന്റും ചാലക്കുടി മുൻസിപ്പൽ ചെയർപേഴ്സന്റെ മകനുമായ രാജീവ് വാലപ്പൻ, പ്രവർത്തകൻ ഡിജോൺ പി ജിബിൻ എന്നിവരെയാണ് ഞായർ രാവിലെ ലോക്കപ്പ് തുറന്ന് മോചിപ്പിച്ചത്.
ഒന്നാംവർഷ ബിരുദവിദ്യാർഥിനിയായ ഇടുക്കി സ്വദേശിയെ കെഎസ്യു പ്രവർത്തകർ നിരന്തരമായി റാഗ് ചെയ്തിരുന്നു. പെൺകുട്ടി പ്രിൻസിപ്പലിന് പരാതിയും നൽകി. പരാതി കോളേജ് ആഭ്യന്തര പരിഹാരസെൽ ചൊവ്വാഴ്ച പരിഗണിക്കും. തുടർന്നാണ് കോളേജിലെത്തിയ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും രാജീവ്, ഡിജോൺ എന്നിവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
കെഎസ്യുക്കാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് രാവിലെ എട്ടിനാണ് ബെന്നി ബഹനാൻ എംപി, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ കാലടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രകോപനമുദ്രാവാക്യം മുഴക്കി അകത്തുകയറിയ എംഎൽഎമാർ ബലംപ്രയോഗിച്ച് ലോക്കപ്പ് തുറപ്പിച്ച് പ്രതികളെ മോചിപ്പിക്കുകയായിരുന്നു.