ചിറയിൻകീഴ് > മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും ജില്ലയിലെ മന്ത്രിമാരായ ആന്റണി രാജു, വി ശിവൻ കുട്ടി, ജി ആർ അനിൽ എന്നിവരുമായി നടത്തിയ ചർച്ചയിലെ വിശദാംശങ്ങളും ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങളും വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കഴിഞ്ഞ ദിവസം മന്തി സന്ദർശിച്ചിരുന്നു.
മരണമടഞ്ഞ നാല് തൊഴിലാളികളുടെയും കുടുംബങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി മരിച്ച റോബിന്റെ കുടുംബത്തിന് വീടും സ്ഥലവും ഉറപ്പാക്കും. ഭാര്യയ്ക്ക് വരുമാന മാർഗത്തിനുള്ള സഹായം ഉറപ്പാക്കും. മരിച്ച ബിജു ആന്റണിയുടെ കുടുംബത്തിന് സ്ഥലമുണ്ടെങ്കിൽ അടിയന്തരമായി വീട് വച്ചുനൽകും. കുടംബത്തിന്റെ സംരക്ഷണത്തിന് മൂത്തമകൾക്ക് വരുമാനമാർഗം ഉറപ്പാക്കും. ഭൂമി ഇല്ലെങ്കിൽ ഭൂമി വാങ്ങി വീട് വയ്ക്കും. ആന്റണി ഫെർണാണ്ടസിന്റെ കുടുംബത്തിന് ക്ഷേമനിധി അംഗത്വം നൽകും. സഹകരണ ബാങ്കിലെ കടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി തുടർന്ന് പറഞ്ഞു.
മുതലപ്പൊഴിയിൽ അദാനിയുമായി ഉണ്ടാക്കിയ കരാർ 2024 വരെ നിലനിൽക്കുകയാണ്. കരാറിന്റെ ഭാഗമായി ചാനലിലെ മണ്ണും കല്ലും നീക്കും ചെയ്ത് ചാനലിലെ ആഴം ഉറപ്പാക്കാൻ നടപ്പാക്കാൻ നടപടി സ്വീകരിക്കും. ചൊവ്വ രാവിലെ 10 ന് അദാനി ഗ്രൂപ്പ് പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധന തുറമുഖത്തിലെ അപ്രോച് ചാനലിൽ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യണം. ഇതിനായി സാന്റ് ബൈപ്പാസിംഗ് സംവിധാനം നടപ്പാക്കണം. ഇതിന് 10 കോടി രൂപ ചെലവ് വരും. എസ്റ്റിമേറ്റ് തയ്യാറാകാൻ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇത് എത്രയും വേഗം നടപ്പാക്കും. കടലിന്റെ പ്രക്ഷുബ്ധാവസ്ഥയും മറ്റും കണക്കിലെടുത്ത് തുറമുഖത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട തൊഴിലാളികളുമായി തൊട്ടടുത്ത ദിവസം തന്നെ ചർച്ച നടത്തി തീരുമാനമെടുക്കും. ഇതിനായി അടിയന്തരമായി യോഗം വിളിക്കും. പൊഴിയുടെ ഇരു വശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാൻ ഏറ്റവും ആധുനിക സംവിധാനം ഒരുക്കാൻ ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകിയതായും അപകട സ്ഥലങ്ങൾ കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.