ഏറ്റുമാനൂർ
മധ്യവയസ്കന്റെ ദാരുണാന്ത്യത്തിനിടയാക്കിയ സംക്രാന്തിയിലെ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇളയിടത്ത് ബിജുവിനും ഭാര്യ ജ്യോതിക്കും ഉൾക്കിടിലത്തോടെ മാത്രമേ ആ സംഭവത്തെക്കുറിച്ച് പറയാനാകൂ. അപകടത്തിന് തൊട്ടുമുമ്പ് ലോറിയിലെ അഴിഞ്ഞ കയർ പതിച്ചത് സ്കൂട്ടറിൽ സഞ്ചരിച്ച ഇവരുടെ ദേഹത്താണ്.
“”എന്തോ വന്ന് മുഖത്ത് അടിച്ചതുപോലെ തോന്നി. പിന്നാലെ ഒരു നിലവിളിയും കേട്ടു. ഓർക്കുമ്പോഴേ ഞെട്ടലാണ്.” –- ജ്യോതി പറഞ്ഞു. നീലിമംഗലത്തുനിന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് അപകടം. പച്ചക്കറി ലോഡുമായെത്തിയ ലോറിയിൽനിന്ന് അഴിഞ്ഞുകിടന്ന കയറിന്റെ തുമ്പ് ജ്യോതിയുടെ മുഖത്ത് അടിച്ചു. ഉടൻ സ്കൂട്ടർ മറിഞ്ഞു. മുമ്പിലുണ്ടായിരുന്ന ബുള്ളറ്റിലും ഓട്ടോയിലും തട്ടിയ കയർ തെറിച്ച് ഇവരുടെമേൽ പതിച്ചു. ജ്യോതിയുടെ ഇടതുകണ്ണിന് പരിക്കേറ്റു.
കണ്ണ് തുറക്കാനാകാത്ത അവസ്ഥയായിരുന്നു അപ്പോഴെന്ന് ജ്യോതി പറഞ്ഞു. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ജ്യോതിയെ ഭർത്താവ് ബിജു ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ബിജുവിന്റെ കാലിനും പരിക്കുണ്ട്. മുഖത്തടിച്ച കയർ കഴുത്തിൽ കുരുങ്ങാതെ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.















