മലയാളസിനിമയിൽ അധികമൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ജോണറാണ് സയൻസ് ഫിക്ഷൻ ഫാന്റസി. ഈ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് അരുൺ ചന്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗഗനചാരി’. പ്രേക്ഷകർക്ക് ഒരു നവാനുഭവമാവുമെന്ന സൂചനകൾ നൽകിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിസ്ടോപ്പിയൻ പശ്ചാത്തലത്തിൽ 2043ലെ കേരളത്തിൽ നടക്കുന്ന കഥയായാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘പോർട്ടൽ’ ‘ഡാർക്ക് മാറ്റർ’, ‘എലിയൻ’ തുടങ്ങിയ ആശയങ്ങൾ ട്രെയിലറിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളിൽ ഗോകുൽ സുരേഷ്, അനാർക്കലി മരക്കാർ, ഗണേഷ് കുമാർ, അജു വർഗീസ് തുടങ്ങിയവർ എത്തുന്നതും ചിത്രത്തിന്റെ രസകരമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണു സൂചന.
പല അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഗഗനചാരി പുരസ്കാരങ്ങൾ നേടി. കോപ്പൻഹേഗനിൽ വെച്ചു നടന്ന ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ‘ഗഗനചാരി’ സ്വന്തമാക്കിയിരുന്നു. സിൽക്ക് റോഡ് അവാർഡും മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ ഫിലിമിനും മികച്ച നിർമ്മാതാവിനുമുള്ള അവാർഡുകളും നേടിയിരുന്നു. ഇറ്റലിയിലെ വെസൂവിയസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവസാന റൗണ്ടിൽ എത്തിയിരുന്നു. കൂടാതെ ചിക്കാഗോയിലെ ഫാന്റസി/സയൻസ് ഫിക്ഷൻ, സ്ക്രീൻപ്ലേ ഫെസ്റ്റിവൽ, അമേരിക്കൻ ഗോൾഡൻ പിക്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്കിലെ ഫിലിംസ്ക്യൂ സിനി ഫെസ്റ്റ് തുടങ്ങിയ ചലച്ചിത്രമേളകളിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.
‘കള’ എന്ന സിനിമയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഗാനരചന- വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനർ- ബുസി ബേബി ജോൺ, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ: നൈറ്റ് വിഷൻ പിക്ചേഴ്സ്, ക്രിയേറ്റീവ്സ്- അരുൺ ചന്തു, മ്യൂറൽ ആർട്ട്- ആത്മ, വിതരണം: അജിത് വിനായക റിലീസ്, പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്ത്