തിരുവനന്തപുരം
കേരള സർവകലാശാലയിൽ ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സ് പ്രവേശനം ദേശീയതലത്തിൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ. ബിഎ ഹോണേഴ്സ് ഇൻ ലാംഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻസ്, ബിഎ ഹോണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്സി ലൈഫ് സയൻസ് എന്നിവയിലാണ് ഈ വർഷം നാലുവർഷ ബിരുദ ക്ലാസ് തുടങ്ങുന്നത്. കാര്യവട്ടം ക്യാമ്പസിലാണ് കോഴ്സുകൾ നടത്തുന്നത്.
പഠനവകുപ്പുകൾക്ക് കീഴിൽ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് മാതൃ-കയിലുള്ള സ്ഥാപനങ്ങളായാണ് കോഴ്സ് ആരംഭിക്കുക. ഡയറക്ടർക്കാണ് കോഴ്സ് ചുമതല. യുജിസി യോഗ്യതയുള്ളവരെ അഞ്ചു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കും. വിരമിച്ച അധ്യാപകരെയും പരിഗണിക്കും.
നാലുവർഷ കോഴ്സ് പൂർത്തിയാക്കിയവരിൽ താൽപ്പര്യത്തിന് അനുസരിച്ച് ഗവേഷണത്തിനും ബിരുദാനന്തര ബിരുദത്തിനും അവസരമൊരുക്കും. ഒരുവർഷത്തെ ബിരുദാനന്തര ബിരുദത്തിന് പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിച്ചേക്കും.
നിലവിൽ 15 മുതൽ 20 സീറ്റുവരെയാണ് കോഴ്സിന് തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ കരിക്കുലത്തിന് സമാനമായിട്ടാകും കേരള സർവകലാശാല കരിക്കുലം തയ്യാറാക്കുന്നത്. വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് വ്യത്യസ്തമായ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കും. കാര്യവട്ടം ക്യാമ്പസിൽ 44 പഠനവകുപ്പുകൾ ഉള്ളതിനാൽ വിദ്യാർഥികൾക്ക് ഓപ്ഷൻ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകില്ല.