കൊച്ചി > നടൻ കുഞ്ചാക്കോ ബോബനെതിരെ “പദ്മിനി’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സുവിൻ വർക്കി. സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് കുഞ്ചാക്കോ ബോബൻ തയ്യാറായില്ലെന്നാണ് സുവിൻ വർക്കിയുടെ ആക്ഷേപം. താരത്തിന്റെ ഭാര്യ ഏർപ്പെടുത്തിയ മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ടതോടെ പ്രമോഷൻ പ്ലാനുകൾ മുഴുവൻ തള്ളിക്കളയുകയായിരുന്നുവെന്ന് സുവിൻ കുറ്റപ്പെടുത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് നിർമ്മാതാവിന്റെ വിമർശനം.
സുവിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം – “പദ്മിനിയെ ഹൃദയത്തിൽ സ്വീകരിച്ചതിന് എല്ലാവർക്കും നന്ദി. എല്ലാവരുടെ പോസിറ്റീവ് പ്രതികരണങ്ങളും സിനിമ അവലോകനങ്ങളും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അപ്പോഴും എന്തുകൊണ്ട് സിനിമ വേണ്ട വിധത്തിൽ പ്രമോട്ട് ചെയ്തില്ലെന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
“ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കുകയാണ്, പദ്മിനി ഞങ്ങളെ സംബന്ധിച്ച് ലാഭകരമായൊരു സിനിമയാണ്. ബോക്സ് ഓഫീസ് നമ്പർ എത്ര തന്നെയായാലും സിനിമ ലാഭത്തിലാണ്. കാര്യക്ഷമമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രൊഡക്ഷൻ ടീമിന് നന്ദി. പ്രത്യേകിച്ച് ഷെഡ്യൂളിന് 7 ദിവസം മുൻപ് തന്നെ ചിത്രീകരണം പൂർത്തിയാക്കിയ സെന്നയ്ക്കും ശ്രീരാജിനും.
എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിലും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും തീയേറ്റർ പ്രതികരണമാണ് പ്രധാനം. പ്രേക്ഷകരെ തീയറ്ററിൽ എത്തിക്കാൻ നായക നടന്റെ ഇടപെടൽ ഇവിടെയാണ് അനിവാര്യമായി വരുന്നത്. പക്ഷേ പദ്മിനിക്ക് വേണ്ടി രണ്ടര കോടി കൈപ്പറ്റിയ നായകൻ ടിവി ഇന്റർവ്യൂകളിലോ പ്രമോഷൻ പരിപാടികളിലോ ഭാഗമായിട്ടില്ല. നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാലാണ് മുഴുവൻ പ്രൊമോഷൻ പ്ലാനും ചാർട്ടും താരം തള്ളിയത്. അദ്ദേഹത്തിന്റെ രണ്ട് മൂന്ന് മുൻ സിനിമകളിലെ നിർമ്മാതാക്കൾക്ക് സംഭവിച്ചതും ഇതേ കാര്യമാണ്.
എന്നാൽ ഇതേ താരം സഹനിർമ്മാണം നടത്തുന്ന സിനിമകൾക്ക് ഇതൊന്നും സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങളിലും ടിവി പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. എന്നാൽ പുറത്ത് നിന്നുള്ള ഒരു നിർമ്മാതാവിന്റെ പടത്തിൽ ഇതൊന്നും ചെയ്യാൻ അദ്ദേഹം തയ്യാറാകില്ല. അദ്ദേഹത്തെ സംബന്ധിച്ച് രണ്ടര കോടി രൂപ പ്രതിഫലം വാങ്ങി 25 ദിവസത്തോളം ഷൂട്ട് ചെയ്ത ചിത്രം പ്രമോട്ട് ചെയ്യുന്നതിനേക്കാൾ പ്രധാനം എന്നത് യൂറോപ്പിൽ സുഹൃത്തുക്കളുമായി ആഘോഷിക്കുന്നതാണ്.
സിനിമകൾ തിയറ്ററിൽ ഓടുന്നില്ലെന്ന കാരണത്താൽ എക്സിബിറ്റേഴ്സ് പ്രതിഷേധം ഉയർത്തുമ്പോൾ എന്തുകൊണ്ടാണ് ഇവിടെ സിനിമകൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാത്തത് എന്നതും പ്രധാനമാണ്. അഭിനേതാക്കൾക്ക് അവർ കൂടി ഭാഗമായൊരു സിനിമ പ്രമോട്ട് ചെയ്യുന്നതിൽ ഉത്തരവാദിത്തമുണ്ട്. വർഷം 200ത്തിലധികം സിനിമകൾ റിലീസ് ചെയ്യുന്ന സംസ്ഥാനത്ത് നിങ്ങളുടെ സിനിമ കാണാൻ നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഇതൊരു ഷോ ബിസിനിസാണ്, പ്രേക്ഷക വിധിയാണ് നിങ്ങളുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. ഇതിനെല്ലാമപ്പുറം സിനിമയുടെ ഉള്ളടക്കം തന്നെയാണ് സിനിമയുടെ മാജിക്. നിർമാതാക്കളുടെ അസോസിയേഷനിൽ താരത്തിന് വേണ്ടി വാദിച്ച നിർമാതാക്കളായ സുഹൃത്തുക്കൾക്ക് നന്ദി’, പോസ്റ്റിൽ സുവിൻ പറഞ്ഞു.