തൃശൂർ> ഊർജ, പരിസ്ഥിതി മേഖലയിലെ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം മലയാളി ശാസ്ത്രജ്ഞന്. മദ്രാസ് ഐഐടി അധ്യാപകനും മലപ്പുറം പന്താവൂർ സ്വദേശിയുമായ ഡോ. ടി പ്രദീപാണ് ഇറ്റലി ആസ്ഥാനമായ ഇഎൻഐ ഗവേഷണ പുരസ്കാരത്തിന് അർഹനായത്. അഡ്വാൻസ്ഡ് എൻവയോൺമെന്റൽ സൊല്യൂഷൻസ് അവാർഡാണ് ഇദ്ദേഹം നേടിയത്.
നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടിവെള്ളത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഗവേഷണപ്രവർത്തനങ്ങൾക്കാണ് അവാർഡ്. സ്വർണ മെഡലും രണ്ടുലക്ഷം യൂറോയും (ഏകദേശം 1.84 കോടി രൂപ) പ്രശസ്തി പത്രവുമടങ്ങുതാണ് പുരസ്കാരം.
പ്രധാനപ്പെട്ട മൂന്ന് അവാർഡുകളാണ് ഇ എൻ ഐ നൽകുന്നത്. കാലിഫോർണിയ സർവകലാശാലയിലെ യു ഹുവാങ്, ജെഫ്രി ആർ ലോംഗ് (എനർജി ട്രാൻസിഷൻ അവാർഡ്), ലിവർപൂൾ സർവകലാശാലയിലെ മാത്യു റോസെൻസ്കി (എനർജി ഫ്രോണ്ടിയേഴ്സ് അവാർഡ്) എന്നിവരാണ് പുരസ്കാരമ ൻേടിയ മറ്റ് രണ്ടുപേർ.
റിട്ട. അധ്യാപകനും കവിയുമായ എൻ എൻ തലാപ്പിന്റെയും പി പി കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനാണ് ഡോ. പ്രദീപ്. ഭാര്യ: ശുഭ. മക്കൾ: രഘു, ലയ. മൂക്കുതല ഗവ. ഹൈസ്കൂൾ, തൃശൂർ സെന്റ് തോമസ് കോളേജ്, പൊന്നാനി എംഇഎസ്, കോഴിക്കോട് ഫറൂഖ് കോളേജ്, കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രൊഫ. സി എൻ ആർ റാവുവിനും എം എസ് ഹെഗ്ഡേയ്ക്കും കീഴിൽ ഗവേഷണം നടത്തി.
നാനോ സാങ്കേതിക വിദ്യയിൽ ഗവേഷണം നടത്തുന്ന ഡോ. ടി പ്രദീപ് ചെന്നൈ ഐഐടിയിൽ രസതന്ത്രവിഭാഗം മേധാവിയാണ്. കുടിവെള്ളത്തിൽനിന്ന് കുറഞ്ഞ ചെലവിൽ ആർസെനിക് നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യ പ്രദീപും സംഘവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടുപൈസയ്ക്ക് ഒരുലിറ്റർ ജലം ശുദ്ധീകരിച്ചെടുക്കാനും അതുവഴി ഇന്ത്യൻ ഗ്രാമങ്ങളിലെ മൂന്നുകോടിയിലേറെ ജനങ്ങൾക്ക് ശുദ്ധജലം എത്തിക്കാനുമുള്ള പദ്ധതി യാഥാർഥ്യമാക്കി. നിരവധി പുസ്തകങ്ങളുടെ രചയിതാവും മികച്ച പ്രഭാഷകനുമാണ്.
പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. സി എൻ ആർ റാവുവിനും ഈ പുരസ്കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻശാസ്ത്ര ഗവേഷണ മേഖലയ്ക്ക് ഇത്തരം പുരസ്കാരങ്ങൾ പ്രചോദനമാവുമെന്ന് ഡോ. ടി പ്രദീപ് ദേശാഭിമാനിയോട് പറഞ്ഞു. നാട്ടിൻപുറത്തെ സാധാരണ സ്കൂളുകളിൽ പഠിച്ചുവരുന്നവർക്കും ശാസ്ത്ര ഗവേഷണ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാവുന്നതേയുള്ളൂ എന്ന അനുഭവം കൂടിയാണിതെന്നും ഡോ. പ്രദീപ് പറഞ്ഞു.