നേമം > ബിജെപി ഭരിച്ചിരുന്ന കല്ലിയൂർ പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തോൽപ്പിച്ചാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്. മുൻ പ്രസിഡന്റ് കൂടിയായ ബിജെപിയിലെ ചന്തുകൃഷ്ണയെ എൽഡിഎഫിലെ എം സോമശേഖരനാണ് 9 നെതിരെ 11 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.
കഴിഞ്ഞമാസം പഞ്ചായത്ത് ഭരണത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി ഭരണം നടത്തിയത്. ഇരുപത്തിയൊന്ന് അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപി – 10, എൽഡിഎഫ് – 9, കോൺഗ്രസ് – 2 എന്നിങ്ങന്നെയായിരുന്നു കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണയ്ക്കെതിരെ എം സോമശേഖരൻ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒൻപതിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് പാസായിരുന്നു. ബിജെപി അംഗം സുധർമ്മയും കോൺഗ്രസ് അംഗം ശാന്തിമതിയും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു.
ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷം അഴിമതിയുടെ കേന്ദ്രമായി കല്ലിയൂർ പഞ്ചായത്ത് മാറി എന്നതായിരുന്നു എൽഡിഎഫ് ആരോപണം. പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ആശുപത്രിയിലെ താത്കാലിക തസ്തികകളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും ഇഷ്ടക്കാരെ നിയമിച്ചു. കൂടാത്തെ ജൈവവൈവിദ്ധ്യത്തിന്റെ കലവറയായ വെള്ളായണി കായലിനെ സംരക്ഷിക്കുന്നതിന് പകരം ബിജെപി വാർഡ് മെമ്പർമാരുടെ ഒത്താശയോടെ അനധികൃത നിർമാണങ്ങൾക്ക് യഥേഷ്ടം പെർമിറ്റുകൾ നല്കിയതിൽ വൻ സാമ്പത്തിക ഇടപാടാണ് നടന്നത്. ഇത്തരത്തിലുള്ള അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.