തിരുവനന്തപുരം
ഡയറി അച്ചടിച്ചതിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയത് സംബന്ധിച്ച വാർത്ത പുറത്തായതോടെ കെപിസിസിയിലെ ജീവനക്കാരുടെ യോഗം അടിയന്തരമായി വിളിച്ച് നേതൃത്വം. ഫണ്ട് പിരിച്ച വിവരം പുറത്തുവിട്ട ചില ജീവനക്കാർക്കെതിരെ പിരിച്ചുവിടൽ ഭീഷണിയുണ്ടെന്നും പറയുന്നു.
തങ്ങൾക്കെതിരായി പാർടിയിലെ ചിലർ അനാവശ്യ പ്രചാരണം നടത്തുന്നുവെന്നു കാണിച്ച് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെക്രട്ടറിമാർ സുധാകരനെ കണ്ട് പരാതിപ്പെട്ടു. ഡയറി അച്ചടിച്ചതടക്കം അവർ പുറത്തുവിടുന്ന വിവരങ്ങളാണ് വാർത്തയാകുന്നതെന്നും സെക്രട്ടറിമാർ സുധാകരനെ ധരിപ്പിച്ചു. തുടർന്നാണ് യോഗം വിളിച്ചത്. കെപിസിസി ഓഫീസ് ചുമതലയുള്ള ഹരി പി നായരാണ് യോഗം വിളിച്ചത്. ഡയറിക്ക് ഫണ്ട് പിരിച്ച വിവരങ്ങൾ പുറത്തുപോയത് എങ്ങനെയെന്നാണ് യോഗം ചർച്ച ചെയ്തത്. ചിലരെ സംശയമുള്ളതായും നേതാക്കൾ മുന്നറിയിപ്പുനൽകി.
ഡയറി അച്ചടിക്കുന്നതിനായി നേതാക്കളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും പരസ്യം ഇനത്തിലും 50 ലക്ഷം രൂപ പിരിച്ചു. ആറ് ലക്ഷം രൂപമാത്രം ചെലവഴിച്ച് 10,000 ഡയറി അടിച്ച് ബാക്കിത്തുക മുക്കിയെന്നാണ് ആക്ഷേപം.