ന്യൂഡൽഹി
ഓണക്കാലത്ത് സംസ്ഥാനത്തെ മുഴുവൻ കാർഡുടമകൾക്കും അഞ്ചുകിലോ അധികം അരി വേണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ ഇതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചു. ആവശ്യമായ നടപടി കേന്ദ്രം ഉറപ്പുനൽകി. ടൈഡ് ഓവർ ഇനത്തിൽ ലഭിക്കേണ്ട ഗോതമ്പ് വിഹിതം അടുത്ത വർഷം മാർച്ച് 31 വരെ തുടരാൻ ഉദ്യോഗസ്ഥർക്ക് ഗോയൽ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
റേഷൻ കടകളുടെ വിസ്തൃതി കൂട്ടൽ, ഈ പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കൽ എന്നിവയും ചർച്ചയായി. ഇതിനായി ചെലവുവരുന്ന 32 കോടിയുടെ പകുതി കേന്ദ്രം നൽകണമെന്ന ആവശ്യത്തോട് ഒരു സംസ്ഥാനത്തിനുമാത്രം സഹായം നൽകാനാകില്ലെന്നായിരുന്നു ഗോയലിന്റെ മറുപടി. മറിച്ച് ബന്ധിപ്പിക്കൽ നടത്തി ഒരു ക്വിന്റൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന രണ്ട് രൂപ എന്നത് മൂന്ന് രൂപയായി ഉയർത്തുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഇ പോസ് മെഷീനിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻഐസി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ തീരുമാനമായി.