കൊല്ലം > മണിപ്പുരിന്റെ മറവിൽ ചിന്നക്കടയിൽ പ്രഹസനം നടത്തിയ എൻ കെ പ്രമേചന്ദ്രൻ എംപിയെ സ്വീകരിച്ചത് കുപ്രസിദ്ധ കുറ്റവാളി. എഎസ്ഐ ബാബുകുമാർ വധശ്രമക്കേസിൽ സിബിഐ കോടതി പത്തുവർഷം കഠിനതടവിനു ശിക്ഷിച്ച പെന്റി എഡ്വിൻ ഓസ്റ്റിൻ എന്ന ക്രിമിനലാണ് പ്രേമചന്ദ്രനെ പൊന്നാടയണിയിച്ചത്. ഹൈക്കോടതിയിലെ അപ്പീലിനെ തുടർന്ന് ഇപ്പോൾ ഉപാധികളോടെ ജാമ്യത്തിലാണ് കോൺഗ്രസുകാരനായ പെന്റി.
പത്തുവർഷം തടവും 25,000 രൂപ പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി പെന്റിക്ക് വിധിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ മദ്യസൽക്കാരം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന സംശയത്തിലാണ് വധശ്രമം നടന്നത്. ഇത് മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും അറിയിച്ചത് ബാബുകുമാറാണെന്ന സംശയത്തിലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. ക്വട്ടേഷൻ സംഘത്തലവനായിരുന്ന ഹാപ്പി രാജേഷ് വധക്കേസിൽ തെളിവുകളുടെ അഭാവത്തിൽ പെന്റിയെ വെറുതെവിട്ടിരുന്നു.
പാർലമെന്റിൽ പലപ്പോഴും ബിജെപിയെ നോവിക്കാതെ ഒഴിയുന്ന കൊല്ലം എംപിയുടെ തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള പ്രചാരണ നാടകം ഏറെ ചർച്ചയായിരിക്കുമ്പോഴാണ് കുപ്രസിദ്ധ കുറ്റവാളി മാലയിട്ട് സ്വീകരിച്ചത്. ക്രൈസ്തവ ദേവാലയങ്ങൾ ചാമ്പലാക്കുന്ന മണിപ്പുരിലെ കലാപഭൂമിയിലേക്ക് ഇതുവരെ ആർഎസ്പി നേതാവ് തിരിഞ്ഞുനോക്കിയിട്ടില്ല. ഒന്നുമറിയാത്തപോലെ എംപി ചിന്നക്കടയിൽ പതിവ് പ്രകടനങ്ങളുമായി അരങ്ങിലെത്തിയത് യഥാർഥ അജൻഡ പാർലമെന്റ് തെരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
മണിപ്പുർ വിഷയത്തിൽ അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ എന്തുകൊണ്ട് പാർലമെന്റിനു മുന്നിൽ സമരം നടത്തിയില്ലെന്ന ചോദ്യം രാവിലെ ഉപവാസ കേന്ദ്രത്തിലെത്തിയവരിൽ പലരും പങ്കുവച്ചു. യുഡിഎഫ് തീരുമാനപ്രകാരമായിരുന്നില്ല പ്രേമചന്ദ്രൻ ചിന്നക്കടയിൽ ഉപവസിച്ചത്. യുഡിഎഫ് പ്രതിഷേധിക്കും മുമ്പേ എംപി ഏകപക്ഷീയമായി ഉപവാസം ആസൂത്രണം ചെയ്തതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദമുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപിയോടുള്ള വിരോധമാണ് പിന്നിൽ. ഇതിനിടെ യുത്ത് കോൺഗ്രസ്–-ആർഎസ്പി പ്രവർത്തകർ തമ്മിലുണ്ടായ വാക്പോര് ഉപവാസസ്ഥലത്ത് കുറെനേരം സംഘർഷം സൃഷ്ടിച്ചു.