കണ്ണൂർ > മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. കീരിയാട് സ്വദേശി ടി പി റിയാസ്(43)ആണ് മരിച്ചത്. വ്യാഴം രാത്രി പത്തോടെ മയ്യിൽ കാട്ടാമ്പള്ളി കൈരളി ബാറിലായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അഴീക്കോട് സ്വദേശിയായ നിസാം റിയാസിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
റിയാസും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നതിനിടെ റിയാസിന്റെ സുഹൃത്തിനെ നിസാം പുറത്തേക്ക് വിളിച്ചു സംസാരിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സംഭവം ചോദിക്കാനായി ചെന്നപ്പോഴാണ് വാക്കുതർക്കമുണ്ടായത്. ഇതിനിടെയാണ് നിസാമിന്റെ കുത്തേറ്റ് റിയാസിന്റെ നെഞ്ചിന് മാരകമായി പരിക്കേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. ഇതിനിടെ നിസാം സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. മയ്യിൽ പൊലീസ് കേസെടുത്ത് നിസാമിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.