തിരുവനന്തപുരം
കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടത് 15,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അനുമതി. ഇതിൽ 3591 കോടി കഴിഞ്ഞവർഷങ്ങളിലെ ഗ്രാന്റുകളിലെ കുടിശ്ശികയാണ്. ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നൽകിയ നിവേദനത്തിലാണ് ആവശ്യം.
പൊതുകടമെടുപ്പ് പരിധിയിൽ ഒരു ശതമാനം താൽക്കാലിക വർധനയെങ്കിലും അനുവദിക്കണം. കേരളത്തിന്റെ ആഭ്യന്തര മൊത്ത ഉൽപ്പാദനം 10.81 ലക്ഷം കോടി രൂപയാണ്. ഒരു ശതമാനം അധിക കടമെടുപ്പ് അനുവദിച്ചാൽ ഈ വർഷം 10,810 കോടികൂടി ലഭ്യമാകും. കേന്ദ്ര നയമാറ്റംമൂലം ഈ വർഷം സംസ്ഥാനത്തിനുണ്ടാകുന്ന 28,400 കോടി രൂപയുടെ വരുമാനക്കുറവിന് പരിഹാരമായാണിത്. റവന്യു കമ്മി ഗ്രാന്റിനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ ഈ വർഷം കുറയും. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതിനാൽ 10,000 മുതൽ 12,000 കോടിയുടെ വരുമാന നഷ്ടമുണ്ടാകാം. പൊതുകടമെടുപ്പിൽ 8000 കോടിയിൽപ്പരം രൂപ വെട്ടിക്കുറച്ചു. ഇതിനു പുറമെയാണ് ബജറ്റിനു പുറത്തുള്ള കടമെന്ന പേരിലും കടമെടുപ്പ് അവകാശം വെട്ടിക്കുറയ്ക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിലാക്കിയതിനും റവന്യു കമ്മി ഗ്രാന്റിലെ വൻ കുറവിനും പകരം സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രാന്റുകളെല്ലാം കുടിശ്ശിക
നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന കമീഷൻ ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ കുടിശ്ശിക 52 കോടിയാണ്. ആരോഗ്യ മേഖലാ ഗ്രാന്റിൽ 2021–-22ലെ 35.57 കോടിയും കഴിഞ്ഞവർഷത്തെ 334 കോടിയും കിട്ടിയിട്ടില്ല. വിവിധ പെൻഷൻ തുകയും കുടിശ്ശികയാണ്. സംസ്ഥാനം മുൻകൂർ നൽകിയ കേന്ദ്രവിഹിതം 751 കോടി രൂപയും ലഭിച്ചിട്ടില്ല. യുജിസി ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി സർവകലാശാല, കോളേജ് അധ്യാപകർക്ക് സംസ്ഥാനം നൽകിയ 751 കോടിയും കുടിശ്ശികയാണ്. മൂലധന നിക്ഷേപത്തിന്റെ ഭാഗമായി ലഭിക്കേണ്ട 1925 കോടി രൂപയുടെ വായ്പയുമില്ല.