തിരുവനന്തപുരം
കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാൻ ഒരുമിച്ച് നിൽക്കുമെന്ന് കേരളത്തിൽനിന്നുള്ള എംപിമാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് എംപിമാരുടെ പ്രതികരണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിച്ചുരുക്കലിൽനിന്ന് കേന്ദ്ര ധനമന്ത്രാലയത്തെ പിന്തിരിപ്പിക്കുന്നതിനായി എംപിമാർ ശബ്ദമുയർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയോടാണ് എംപിമാർ അനുകൂലമായി പ്രതികരിച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂല തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ല. റെയിൽവേ ട്രാക്കിനു കുറുകെ ഇഎച്ച്ടി ലൈൻ നിർമാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കേണ്ടതുണ്ട്.
തലശേരി–– മൈസൂരു, നിലമ്പൂർ–– നഞ്ചങ്കോട് റെയിൽ പദ്ധതികളുടെ പുതുക്കിയ അലൈൻമെന്റിൽ വിശദ സർവേ നടത്തി ഡിപിആർ തയ്യാറാക്കാൻ കർണാടക സർക്കാരിൽനിന്ന് അനുമതി വേണം. അത് വേഗത്തിലാക്കാൻ കേന്ദ്രഇടപെടൽ ആവശ്യമാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കണം. അങ്കമാലി–- ശബരി റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ്, ഡിപിആർ എന്നിവ അംഗീകരിക്കാനും മതിയായ തുക അനുവദിക്കാനും ഇടപെടണം. കാഞ്ഞങ്ങാട്–-കാണിയൂർ റെയിൽപാതയുടെ കാര്യത്തിലും ഇടപെടൽ വേണം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ നടത്തിപ്പിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി എത്രയുംവേഗം ലഭ്യമാക്കണം.
എച്ച്എൽഎൽ ലൈഫ് കെയർ സംസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലുള്ള തടസ്സം നീക്കണം. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിനെ സംസ്ഥാന സർക്കാരിന് കൈമാറാൻ നടപടിയുണ്ടാകണം. സംസ്ഥാനം സൗജന്യമായി നൽകിയ 123 ഏക്കർ സ്ഥലത്താണ് കമ്പനി സ്ഥിതി ചെയ്യുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.