തിരുവനന്തപുരം
ബിജെപി സംസ്ഥാന നേതൃത്വത്തിന് അനഭിമതനായി മാറിയ പ്രകാശ് ജാവദേക്കർക്കെതിരെയും പടയൊരുക്കം. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി (സെക്രട്ടറി) സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയതായാണ് വിവരം. ജാവദേക്കർ കേരളത്തിലെത്തിയിട്ട് ഒരു വർഷം തികയുംമുമ്പേ തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതല നൽകി. ദേശീയ പ്രസിഡന്റ് ജെ പി നദ്ദയാണ് നിയോഗിച്ചത്.
ഇത് കേരളത്തിൽനിന്ന് മാറ്റിനിർത്താനാണെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ ബിജെപിയെ സജ്ജമാക്കാനാണ് ജാവദേക്കറെ അയച്ചത്. തുടക്കംമുതലേ വിഭാഗീയതയ്ക്ക് എതിരായ നിലപാട് അദ്ദേഹം സ്വീകരിച്ചു. നേതാക്കൾ തമ്മിലുള്ള പോര് തീർക്കുന്നതിന് മൂന്നുതവണ യോഗം വിളിച്ചിട്ടും മാറ്റമുണ്ടായില്ല. വി മുരളീധരൻ, കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള ഔദ്യോഗികപക്ഷ നേതാക്കൾക്ക് ജാവദേക്കർ പ്രിയപ്പെട്ടവനല്ല. സംസ്ഥാന നേതൃത്വത്തെ മറികടന്ന് അദ്ദേഹം പ്രവർത്തിക്കുന്നതായും നേതൃത്വത്തെ അറിയിക്കാതെ പരിപാടികൾ സംഘടിപ്പിക്കുന്നതായും ആരോപണങ്ങൾ ഉയർന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാണ് ജാവദേക്കർക്ക് കേരളത്തിന്റെ ചുമതല നൽകിയത്. അതിനുമുമ്പ് തമിഴ്നാട് സംസ്ഥാന പ്രസിഡന്റായിരുന്ന സി പി രാധാകൃഷ്ണനായിരുന്നു പ്രഭാരി.