തിരുവനന്തപുരം
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം വെള്ളിയാഴ്ച തുടങ്ങും. 22നകം എല്ലാവർക്കും പെൻഷൻ വിതരണം ചെയ്തെന്ന് ഉറപ്പാക്കും. ഇതിനായി 890 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഒരുമാസത്തെ പെൻഷനാണ് നൽകുക.
50,57,901 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കും. ഇതിൽ ദേശീയ സാമൂഹ്യ സഹായ പദ്ധതിയിൽ ഉൾപ്പെട്ട 5,89,184 ഗുണഭോക്താക്കളുടെ കേന്ദ്രവിഹിതം ഉറപ്പാക്കാനായി മുൻകൂറായി അനുവദിച്ച 15.96 കോടി രൂപയും ഉൾപ്പെടും. 26,64,404 പേർക്ക് ബാങ്ക് അക്കൗണ്ടിൽ വരുംദിവസങ്ങളിൽ തുക എത്തും. 23,93,497 പേർക്ക് സഹകരണ സംഘങ്ങൾവഴി തുക നേരിട്ട് എത്തിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങളായ 6,73,659 പേർക്ക് പെൻഷൻ വിതരണത്തിന് 106 കോടി രൂപയും അനുവദിച്ചു. അതതു ക്ഷേമനിധി ബോർഡുകൾ വഴിയായിരിക്കും തുക വിതരണം.