മേപ്പാടി > പോക്സോ കേസിൽ വയനാട്ടിൽ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂർണ്ണ ചുമതലയുള്ള രജിത കെ സി അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയ കായിക അധ്യാപകൻ ജോണിയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ് ഇയാൾ. സ്കൂളിൽവെച്ചാണ് വിദ്യാർഥിനികളോട് അധ്യാപകൻ മോശമായ രീതിയിൽ പെരുമാറിയത്. സ്കൂൾ വിട്ടശേഷം അഞ്ച് വിദ്യാർഥിനികൾ സമീപത്തെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ജോണിക്കെതിരെ മുമ്പും നിരവധി സ്കൂളുകളിൽ നിന്നും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു.