തിരുവനന്തപുരം > കേരള ബ്ലോഗ് എക്സ്പ്രസ് (കെ.ബി.ഇ) ഒരു ബ്ലോഗിങ് യാത്ര മാത്രമല്ലെന്നും കേരളത്തിൻറെ സമ്പന്നമായ ടൂറിസം ആകർഷണങ്ങളിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൻറെ പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഊഷ്മളമായ ആതിഥ്യമര്യാദയുടെയും ആഘോഷമാണ് കേരള ബ്ലോഗ് എക്സ്പ്രസെന്നും മന്ത്രി പറഞ്ഞു. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാരുമായി കേരള ടൂറിസത്തിൻറെ ‘കേരള ബ്ലോഗ് എക്സ്പ്രസ്’ ഏഴാം പതിപ്പ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ബ്ലോഗ് എക്സ്പ്രസിലേക്കുള്ള അപേക്ഷകരിൽ ഏറെ ശ്രദ്ധേയരായ 30 ഓളം ബ്ലോഗർമാരെയാണ് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം കേരളത്തിലെ സാമൂഹിക ജീവിതവുമായി ഇടപഴകാനും സാംസ്കാരിക, ഭക്ഷണ വൈവിധ്യങ്ങൾ അനുഭവിക്കാനുമുള്ള അവസരമാണ് ബ്ലോഗർമാർക്ക് ലഭിക്കുന്നത്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട കേരളത്തിലെ കായലുകളും മലയോരങ്ങളും വെള്ളച്ചാട്ടങ്ങളും സമ്പന്നമായ പൈതൃകവും യാത്രികർക്ക് സവിശേഷ അനുഭവമയിരിക്കും. കേരളത്തിൻറെ സത്ത വെളിപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും കേരള ടൂറിസം സൂക്ഷ്മമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫ്ളാഗ് ഓഫിനു ശേഷം ബ്ലോഗർമാർക്കൊപ്പം മന്ത്രി ബസ്സിൽ തിരുവനന്തപുരം നഗരത്തിൽ അൽപ്പദൂരം സഞ്ചരിച്ചു.
ജൂലൈ 26 വരെ കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ബ്ലോഗർമാർ സന്ദർശിക്കും. കേരള ടൂറിസത്തിൻറെ സവിശേഷതകൾ മുദ്രണം ചെയ്ത ആഡംബര ബസ്സിലാണ് ഇവർ സഞ്ചരിക്കുക. യാത്രികരുടെ അനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യും. കേരള ടൂറിസത്തിൻറെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾക്കു പുറമേ ബ്ലോഗർമാർ അവരുടെ പ്ലാറ്റ്ഫോം വഴിയും കേരളത്തിൻറെ സവിശേഷതകളും ദൃശ്യഭംഗിയും ആളുകളിലേക്ക് എത്തിക്കും. യാത്രയെക്കുറിച്ച് അറിയാൻ KeralaBlogExpress7 എന്ന ഹാഷ്ടാഗ് പിന്തുടരാനാകും.
വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ഈ അനുഭവം സമൂഹവുമായി പങ്കിടുകയും ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള പരിപാടിയാണ് കെബിഇ എന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.
എന്തുകൊണ്ടാണ് കേരളം ‘ദൈവത്തിൻറെ സ്വന്തം നാട്’ എന്നറിയപ്പെടുന്നത് എന്നതിന് രണ്ടാഴ്ചത്തെ യാത്രയിലൂടെ ബ്ലോഗർമാർക്ക് ഉത്തരം ലഭിക്കുമെന്ന് സ്വാഗതം ആശംസിച്ച ടൂറിസം ഡയറക്ടർ പി ബി നൂഹ് പറഞ്ഞു.
ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) എസ് പ്രേംകൃഷ്ണൻ, കെടിഡിസി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
അർജൻറീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യുഎസ്എ, യുകെ, നെതർലാൻഡ്സ്, ഇന്ത്യ, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, തുർക്കി, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് സംഘത്തിലുള്ളത്. രാകേഷ് റാവു, സോംജിത് എന്നിവരാണ് ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ളവർ.
കോവളത്തു നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കുമരകം, അയ്മനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ, ആലപ്പുഴയിലെ ഹൗസ് ബോട്ട് എന്നിവ ആസ്വദിക്കും. തേക്കടി, പെരിയാർ തടാകം, മൂന്നാർ, തേയില ഫാക്ടറി, മാട്ടുപ്പെട്ടി ഡാം തുടങ്ങിയവയാണ് ഇടുക്കിയിൽ പ്രധാനമായും സന്ദർശിക്കുന്നത്. തൃശ്ശൂരിൽ അതിരപ്പള്ളിയിലും കേരള കലാമണ്ഡലത്തിലും സംഘം എത്തും. കൊച്ചിയിൽ കടമക്കുടിയിൽ സൈക്ലിംഗ്, ദ്വീപ് സന്ദർശനം, ഫോർട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ് ഡച്ച് പാലസ്, ചീനവല സന്ദർശനം, കോഴിക്കോട്ട് ഹെറിറ്റേജ് വാക്ക്, ബീച്ച് സന്ദർശനം, കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ, വയനാട്ടിൽ വൈത്തിരി, കുറുവ ദ്വീപ്, തേയിലത്തോട്ടം സന്ദർശനം എന്നിവയും യാത്രയുടെ ഭാഗമാണ്.