മിർപുർ > ഇന്ത്യക്കെതിരായ മൂന്ന് മത്സര ട്വന്റി 20 വനിതാ ക്രിക്കറ്റ് പരമ്പരയിലെ അവസാന കളിയിൽ ബംഗ്ലാദേശിന് ജയം. നാല് വിക്കറ്റിനാണ് ആതിഥേയർ ആശ്വാസജയം കുറിച്ചത്. പരമ്പര 2–-1ന് ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യയെ 102 റണ്ണിലൊതുക്കിയ ബംഗ്ലാ വനിതകൾ പത്ത് പന്ത് ബാക്കിനിൽക്കേ ജയം കണ്ടു. 42 റണ്ണെടുത്ത ഷമീമ സുൽത്താനയാണ് കളിയിലെ താരം. ഇന്ത്യക്കായി കേരളത്തിന്റെ മിന്നുമണി രണ്ട് വിക്കറ്റ് നേടി. നാല് ഓവറിൽ 28 റണ്ണാണ് വഴങ്ങിയത്. ടൂർണമെന്റിലാകെ അഞ്ച് വിക്കറ്റുണ്ട് ഈ വയനാടുകാരിക്ക്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് പരമ്പരയുടെ താരം. സ്കോർ: ഇന്ത്യ 9–-102 ബംഗ്ലാദേശ് 6–-103 (18.2). ഞായറാഴ്ച്ച മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. മിന്നുമണി ഈ ടീമിൽ ഉൾപ്പെട്ടിട്ടില്ല.