കൊച്ചി > കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എല്ലാ ക്യാമ്പസുകളിലും ഇനി ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ മെയ് 26ന് കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ഈ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് സർവ്വകലാശാല മുഴുവനായി ഇത് നടപ്പിലാക്കുന്നത്.
കുസാറ്റ് വിദ്യാർത്ഥി യൂണിയന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ ക്യാമ്പസുകളിലും ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ എന്നത്. യൂണിയൻ നൽകിയ അപേക്ഷകളുടെയും അധികാരികളുമായി നടത്തിയ ചർച്ചകളുടെയും യൂണിയൻ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗങ്ങളുടെയും ഫലമായാണ് ഈ തീരുമാനം സർവ്വകലാശാല കൈക്കൊണ്ടത്.
കുസാറ്റിനു കീഴിലെ തൃക്കാക്കര ക്യാമ്പസ്, മറൈൻ ഡ്രൈവ് ക്യാമ്പസ്, കുട്ടനാട് ക്യാമ്പസ് എന്നിവിടങ്ങളിലെ 8000-ത്തോളം വിദ്യാർത്ഥികളിലേക്കാണ് ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം എത്തുന്നത്. വിദ്യാർത്ഥികൾക്ക് നിലവിലുള്ള യൂണിഫോമുകളിൽ ഏതും ലിംഗഭേദമന്യേ ധരിക്കാം.