തിരുവനന്തപുരം > മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ സുരക്ഷിതരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൗസ് സർജൻമാർ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് പുറത്തേക്ക് കടക്കുന്നതിനായുള്ള റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും ഹിമാചൽപ്രദേശ് ഡിജിപി അറിയിച്ചതായും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹിമാചൽ പ്രദേശ് ഡിജിപിയുമായി ആശയവിനിമയം നടത്തി. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവർ കൂടുതൽ താഴേക്ക് ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണ്. ഗൈഡും ഇവർക്കൊപ്പമുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ അവർക്ക് മൊബൈൽ ചാർജ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ആശങ്കപ്പെടേണ്ടതില്ല. മന്ത്രി പറഞ്ഞു.