മിർപൂർ> ബംഗ്ലാദേശുമായുള്ള വനിതാ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഉയർത്തിയ 114 റൺസ് ഇന്ത്യ 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (35 പന്തിൽ 54*) ഇന്ത്യയുടെ വിജയശിൽപി. ഓപ്പണർ സ്മൃതി മന്ഥാന 34 പന്തിൽ 38 നേടി പുറത്തായി.
ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച് മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് സ്വന്തമാക്കി. മൂന്ന് ഓവറുകൾ പന്തെറിഞ്ഞ മിന്നു മണി 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് കരസ്ഥമാക്കിയത്. മത്സരത്തിന്റെ നാലാം ഓവറിൽ ബംഗ്ലദേശ് ഓപ്പണർ ഷമീമ സുൽത്താനയെയാണു മിന്നു പുറത്താക്കിയത്. മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസ് ക്യാച്ചെടുക്കുകയായിരുന്നു. 28 പന്തിൽ 28* റൺസ് നേടിയ ഷോർന അക്തറാണ് ബംഗ്ലാദേശിൻറെ ടോപ് സ്കോറർ.