ഇടുക്കി > മഴ ശക്തിപ്പെട്ടതോടെ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം ഉയർന്നത് മൂന്നടി വെള്ളം. പദ്ധതി മേഖലയിലാകെ 90.4 മി.മീറ്റർ മഴ പെയ്തു. ജലനിരപ്പ് ശേഷിയുടെ 18.66 ശതമാനമായി. കഴിഞ്ഞ ദിവസം 16.73 ശതമാനമായിരുന്നു. സംഭരണിയിലിപ്പോൾ 2313.36 അടി ജലമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 33.80 അടി കുറവാണ്. പെരിയാറിൽനിന്നടക്കം സംഭരണിയിലേക്കുള്ള ഒഴുക്ക് വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം 300.04 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തി. മൂലമറ്റത്ത് ഉൽപാദനം നേരിയതോതിൽ വർധിപ്പിച്ചു. 24.10 ലക്ഷം യൂണിറ്റാണ് ഉൽപാദനം. ഇടുക്കി നിലവിൽ ഓറഞ്ച് അലർട്ടിലാണ്.
നാല് ദിവസം 256 മില്ലി മീറ്റർ മഴ
സംസ്ഥാനത്ത് ജൂലൈ മൂന്നു മുതൽ ആറു വരെയുള്ള നാലു ദിവസം ലഭിച്ചത് 256.4 മില്ലി മീറ്റർ മഴ. ജൂൺ ഒന്നു മുതൽ 30വരെയുള്ള ഒരു മാസം 260.3 മി.മീ. മഴയാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ നാലു ദിവസം കാസർകോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്–-458.2 മി.മീ. കണ്ണൂർ (405.1), കോഴിക്കോട് (315), എറണാകുളം (303.8), പത്തനംതിട്ട (290.7) ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. വ്യാഴം രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ഓലയമ്പാടി (260.4), വെള്ളരിക്കുണ്ട് (240.5), കൈതപ്രം (234.2), വെള്ളച്ചാൽ (216.4), തലശേരി (215) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.