തൃശൂർ > വിട പറഞ്ഞ കലകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സാംസ്കാരിക കേരളത്തിന്റെ പ്രധാന മുദ്രകളിലൊന്നായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ആർടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു മന്ത്രി.
സാംസ്കാരിക കേരളത്തിന്റെ പ്രധാന മുദ്രകളിലൊന്നാണ് പോയ്മറഞ്ഞത്. വായനയുടെ കാലം മുതൽ അക്ഷരങ്ങൾക്കും വാക്കുകൾക്കും ആശയങ്ങൾക്കുമൊപ്പം മനസ്സിൽ പതിഞ്ഞതാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങൾ. എ എസിനും എം വി ദേവനുമൊപ്പം ഇല്ലസ്ട്രേഷനുകളിൽ വലിയ തരംഗമായ പേരാണ് ആർട്ടിസ്റ്റ് നമ്പൂതിരി. രണ്ടാമൂഴം ആനുകാലികമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ ഭീമനും ദ്രൗപദിയും അർജുനനും ദുര്യോധനനുമൊക്കെ വാക്കുകൾക്കൊപ്പമോ അതിനേക്കാൾ ശക്തിയിലോ വായനക്കാരുടെ മനസ്സിൽ വരച്ചിടപ്പെട്ടു. മലയാളികളുടെ മനസ്സിൽ പതിഞ്ഞ മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്ക് നമ്പൂതിരി നൽകിയ ഭാവുകത്വമാണ് ഉണ്ടായിരുന്നത്. എത്രയോ കഥകൾക്കും നോവലുകൾക്കും അദ്ദേഹം ചിത്രങ്ങളിലൂടെ ജീവൻ നൽകി.
കലയിലെ കയ്യടക്കത്തിനു പുറമേ വ്യക്തി ജീവിതത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച കലാകാരനായിരുന്നു അദ്ദേഹം. അകാലത്തിൽ മറഞ്ഞുപോയ പ്രശസ്ത ചിത്രകാരി ടി കെ പത്മിനിയെ കലാരംഗത്തേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിലും അദ്ദേഹം മാർഗനിർദ്ദേശം നൽകി. മലയാളത്തിന്റെ വലിയ നഷ്ടങ്ങളിലൊന്ന് സംഭവിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. കുടുംബാംഗങ്ങളുടെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.