കൊച്ചി
സ്വന്തം അജൻഡ നടപ്പാക്കാൻ ആരെയും വേട്ടയാടുന്നതിന് മടിയില്ലാത്തയാളാണ് മറുനാടൻ മലയാളി ചാനൽ എഡിറ്റർ ഷാജൻ സ്കറിയ. മാധ്യമപ്രവർത്തകൻ ടി എം ഹർഷനെതിരെ തുടർച്ചയായി അപകീർത്തികരമായ വാർത്തകൾ സൃഷ്ടിച്ചത് എന്തിനെന്ന് അന്വേഷിച്ചാൽ ഷാജന്റെ മറുനാടൻ മലയാളി യുട്യൂബ് ചാനലിന്റെ തറവേലകൾ കാണാം.
രാജ്യദ്രോഹി, ജിഹാദി, അടിമ എന്നിങ്ങനെ ഹർഷനെതിരെ ഷാജൻ സ്കറിയ വീഡിയോകളിൽ പറയാൻ അപകീർത്തിപരമായ വാക്കുകൾ വേറെയില്ല. 2020ലും 21ലുമായി ഏഴു വീഡിയോ ഹർഷനെ അപകീർത്തിപ്പെടുത്താൻ ചെയ്തു. പരിസ്ഥിതിപ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ എഫ്ബി പോസ്റ്റിന്റെ പേര് ഹർഷന്റേതാണെന്ന് തെറ്റിദ്ധരിച്ചും ഷാജൻ വീഡിയോ പടച്ചു.
ട്വന്റിഫോർ ന്യൂസിൽനിന്ന് രാജിവച്ചത് ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥിയാകാനാണെന്നും വീഡിയോ ചെയ്തു. എൽഡിഎഫ് സർക്കാരിനെ അനുകൂലിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രത്യുപകാരം ചെയ്യുന്നതിന്റെ ഭാഗമായി, ‘ഹർഷനെ ഉടുമ്പൻചോലയിൽ എം എം മണിക്കുപകരം മത്സരിപ്പിക്കു’മെന്നായിരുന്നു 2021ലെ വീഡിയോകളിൽ ഒന്ന്. ‘അതെ, ഹർഷാ താങ്കൾ രാജ്യദ്രോഹിയാണ്’ എന്ന തലക്കെട്ടോടെയാണ് 2021ൽ മറ്റൊരു വീഡിയോ ചെയ്തത്.
അജൻഡ അറിയാവുന്നതുകൊണ്ട് അവജ്ഞയോടെ തള്ളി : ടി എം ഹർഷൻ
ഷാജന്റെ വ്യാജ വീഡിയോകൾക്കുപിന്നിലെ അജൻഡ എന്തെന്ന് മാധ്യമപ്രവർത്തകൻ എന്നനിലയിൽ അറിയാവുന്നതിനാൽ വ്യാജവാർത്തകളെ അവജ്ഞയോടെ തള്ളുകയായിരുന്നുവെന്ന് ടി എം ഹർഷൻ പറഞ്ഞു. വസ്തുനിഷ്ഠവും സത്യസന്ധവുമായി വാർത്തകൾ അവതരിപ്പിക്കുന്നവരുടെ വിശ്വാസ്യത തകർക്കുക, അവർക്ക് രാഷ്ട്രീയ നിറം നൽകുക തുടങ്ങിയവയാണ് ലക്ഷ്യം. ഷാജൻ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ള സംഘപരിവാർ, വലതുപക്ഷ നിലപാടിന് എതിരാണെന്നു തോന്നുന്ന മാധ്യമപ്രവർത്തകരെ മാത്രമാണ് ഇങ്ങനെ വേട്ടയാടുന്നത്.
വ്യാജ വീഡിയോ കൊടുത്തിട്ട്, വ്യക്തിപരമായ വിരോധമില്ല; അറിഞ്ഞ വാർത്ത കൊടുത്തതാണ്, ഉടുമ്പൻചോലയിൽ നിങ്ങളല്ലാതെ നല്ല സ്ഥാനാർഥിയില്ല എന്നൊക്കെ ഫോണിൽ ശബ്ദസന്ദേശം അയക്കുകയും ചെയ്തു. പ്രതികരിച്ചാൽ അതുകൂടി വാർത്തയാക്കും. തന്റെ വ്യാജവാർത്തയ്ക്ക് വിശ്വാസ്യത നൽകാനാണ് ഇതെന്ന് അറിയാവുന്നതുകൊണ്ട് പ്രതികരിച്ചില്ല –-ടി എം ഹർഷൻ പറഞ്ഞു.
ഷാജൻ സ്കറിയക്കായി
അന്വേഷണം വ്യാപിപ്പിച്ചു
ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ തേടി അന്വേഷകസംഘം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്. മഹാരാഷ്ട്രയിലും കർണാടകത്തിലും പ്രത്യേക സംഘം തിരച്ചിൽ നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെകൂടി സഹായം തേടിയിരിക്കുകയാണിപ്പോൾ. കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.മറുനാടന്റെ ഓഫീസുകളിൽനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും കാമറകളും മെമ്മറി കാർഡുകളും മൊബൈൽഫോണുകളും കോടതിയിൽ ഹാജരാക്കി. കോടതിയുടെ അനുമതിയോടെ ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി പരമാധവി ഡിജിറ്റൽ തെളിവുകൾ സമാഹരിക്കാനാണ് നീക്കം.