തിരുവനന്തപുരം
അക്കൗണ്ട്സ് ആൻഡ് എൻടൈറ്റിൽമെന്റ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി എസ് സുനിൽരാജിനെ നിയമിച്ചത് സർക്കാരിനെതിരായ ആയുധമായി ചിത്രീകരിക്കാൻ ആവേശം കാട്ടിയ മനോരമ പത്രത്തിന് പറ്റിയത് വൻ അമളി. സിഎജി റിപ്പോർട്ടുകളിലൂടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനെ വൻ പ്രതിരോധത്തിലാക്കിയ അന്നത്തെ അക്കൗണ്ടന്റ് ജനറൽ എസ് സുനിൽരാജ് ഓഡിറ്റിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി കേരളത്തിൽ തിരിച്ചെത്തിയെന്നാണ് മനോരമ വാർത്ത. അനീം ചെറിയാൻ, ഡോ. ബിജു ജേക്കബ് എന്നിവർക്കാണ് ഓഡിറ്റിന്റെ ചുമതല എന്നത് മറച്ചായിരുന്നു വാർത്ത. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിലും മോട്ടോർ വാഹനവകുപ്പിലും സിഎജിയുടെ ഓഡിറ്റ് തുടരവേയാണ് കൂടുതൽ അധികാരങ്ങളോടെ സുനിൽ രാജിന്റെ മടങ്ങിവരവ്, സുനിൽ രാജ് ഇനി തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസിന്റെ മേധാവിയായിരിക്കും, ഏതൊക്കെ സർക്കാർ വകുപ്പുകളിൽ ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം തീരുമാനിക്കും, എന്നൊക്കെ തട്ടിവിട്ടു. ബുധനാഴ്ച മലക്കം മറിഞ്ഞ് സുനിൽരാജിന് ഓഡിറ്റ് ചുമതലയില്ലെന്ന തിരുത്ത് ആരും ശ്രദ്ധിക്കാത്ത ഒറ്റക്കോളം ചെറിയ വാർത്തയിൽ ഒതുക്കി.
1996 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സുനിൽ രാജിനെ 2021 മേയിലാണ് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലായി സ്ഥാനക്കയറ്റം നൽകി തിരുവനന്തപുരത്തുനിന്ന് ഇറ്റാനഗറിലേക്കു മാറ്റിയത്. തുടർന്ന് ഡൽഹിയിൽ സിഎജി ഓഫീസിൽ ഡയറക്ടർ ജനറലായി. നേരത്തേ തിരുവനന്തപുരത്ത് പ്രവർത്തിക്കുമ്പോൾ, സംസ്ഥാന സർക്കാരിനെതിരായ ബോധപൂർവമായ പല പ്രവർത്തനങ്ങൾക്കും എജീസ് ഓഫീസ് നേതൃത്വം നൽകുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഓഡിറ്റ് അന്വേഷണങ്ങളുടെ ഭാഗമായ ചോദ്യങ്ങൾമുതൽ കരട് റിപ്പോർട്ടുവരെ സർക്കാരിന് ലഭിക്കുന്നതിനുമുമ്പേ എജീസ് ഓഫീസിന്റെ ഭാഗമായ ചില കേന്ദ്രങ്ങൾ മാധ്യമങ്ങൾക്കടക്കം ചോർത്തിനൽകിയതായി ആക്ഷേപം ഉയർന്നു. നിയമസഭയിൽ ഉൾപ്പെടെ വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും കാരണമായി.