തിരൂർ> എംഡിഎംഎയുമായി മുസ്ലിംലീഗ് പ്രവർത്തകനടക്കം രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റുചെയ്തു. ലീഗ് പ്രവർത്തകൻ തൃപ്രങ്ങോട് ബീരാഞ്ചിറ സ്വദേശി അസമ്മക്കിതാനകത്ത് നജീബ് (37), സഹായി ഒറ്റപ്പാലം സ്വദേശി അമ്പലക്കുളങ്ങര വീട്ടിൽ അബ്ദുൽ ഹമീദ് (40) എന്നിവരെയാണ് പിടികൂടിയത്. 33 ഗ്രാം എംഡിഎംഎയും ഇവർ യാത്രചെയ്ത രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബീരാഞ്ചിറ, ചമ്രവട്ടം ഭാഗങ്ങളിൽനിന്നായാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. ബീരാഞ്ചിറ സ്വദേശി നജീബാണ് ആദ്യം പിടിയിലായത്. ഇയാളിൽനിന്ന് 2.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചോദ്യംചെയ്തതോടെ ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഏജന്റ് ഹമീദിനെയും പിടികൂടി. ഇയാളിൽനിന്ന് 33ഗ്രാം എംഡിഎംഎ ലഭിച്ചു. രണ്ട് കിലോ കഞ്ചാവുമായി ഒറ്റപ്പാലം എക്സൈസ് സംഘം ഹമീദിനെ മുമ്പ് അറസ്റ്റുചെയ്തിട്ടുണ്ട്. പുറത്തൂർ പടിഞ്ഞാറെക്കരയിലെ ഭാര്യവീട്ടിൽ താമസിച്ച് തീരദേശ മേഖലയിലെ ലഹരി വിൽപ്പനയുടെ പ്രധാന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം ജെ ജിജോ, എസ്ഐമാരായ പ്രദീപ് കുമാർ, കെ വി വിപിൻ, എഎസ്ഐമാരായ ഉദയരാജ്, പ്രതീഷ് കുമാർ, സീനിയർ സിപിഒ ജിനേഷ്, രാജേഷ്, സിപിഒമാരായ ധനീഷ് കുമാർ, അരുൺ, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനുമുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.