കൊച്ചി > എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ അഖില നന്ദകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ആർക്കും ഇളവ് നൽകാനാവില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ജൂലൈ ആറിന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 41 (എ) പ്രകാരം ഹർജിക്കാരിക്ക് നോട്ടീസ് നൽകിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശമുണ്ടായത്.
വ്യാജരേഖ ചമച്ച് പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി എം ആർഷോ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില നന്ദകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.
ബുധനാഴ്ച ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഇന്നു തന്നെ ഹർജി തീർപ്പാക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. എന്നാൽ ജൂൺ 16ന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും ഹർജിക്കാരി ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കേസിലെ മറ്റുപ്രതികളായ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയി, ആർക്കിയോളജി വകുപ്പ് കോ – ഓർഡിനേറ്റർ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ഹർജിക്കാരിക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാവില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
ആ സാഹചര്യത്തിൽ ഹർജിക്കാരി അന്വേഷണവുമായി സഹകരിച്ചേ പറ്റൂവെന്ന് കോടതി വ്യക്തമാക്കി. എത്ര ഉന്നതനായാലും, അത് രാഷ്ട്രപതിയാണെങ്കിൽ പോലും ഇത് ബാധകമാണെന്ന് കോടതി വാക്കാൽ ഓർമ്മിപ്പിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരിയുടെ ആവശ്യവും കോടതി അനുവദിച്ചില്ല. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെഎസ്യു യൂണിറ്റ് ഭാരവാഹി സി എ ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികൾ.