കണ്ണൂർ > കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. ബുധൻ രാവിലെ 7.15 നാണ് സംഭവം. 150 വർഷം പഴക്കമുള്ള ജയിലിൻറെ പുറക് വശത്തെ മതിലാണ് ഇടിഞ്ഞത്. 25 മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞത്. ജയിലിലെ കോഴി ഫാമിനോട് ചേർന്ന ഒൻപതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞു വീണത്. 15 മീറ്ററാണ് മതിലിൻറെ ഉയരം.
അതീവ സുരക്ഷാ മേഖലയായത് കൊണ്ട് ഇന്നുതന്നെ താൽകാലിക സംവിധാനം ഉണ്ടാക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. സായുധ സേനയെ അടക്കം ജയിലിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തൽകാലികമായി ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അവധിയിൽ പോയ ഉദ്യോഗസ്ഥരോട് തിരികെ വരാൻ പറഞ്ഞിട്ടുണ്ടെന്നും ജയിലിൽ സുരക്ഷ ശക്തമാക്കുമെന്നും സൂപ്രണ്ട് ഡോ. പി വിജയൻ പറഞ്ഞു. കെ വി സുമേഷ് എംഎൽഎ, എഡിഎം കെ കെ ദിവാകരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.