തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃതലത്തിൽ അഴിച്ചുപണി തുടങ്ങി. കേരളത്തിലും അധ്യക്ഷനെ മാറ്റുവാനാണ് സാധ്യത. കെ സുരേന്ദ്രന് പകരം കേന്ദ്ര മന്ത്രി വി മുരളീധരന്റെ പേരാണ് പരിഗണനയിൽ. തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്മാരെ പാർട്ടി നിയോഗിച്ചിരുന്നു. ഗുജറാത്ത്, ഹരിയാന, കര്ണാടക, മധ്യപ്രദേശ് എന്നിവടങ്ങളില് കൂടി ഉടന് പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള് പറയുന്നത്.
വി മുരളീധരന് പകരം കേന്ദ്ര മന്ത്രിസഭയില് സുരേഷ് ഗോപിയെ ഉള്പ്പെടുത്താനും നീക്കമുണ്ട്. മന്ത്രിയാക്കിയ ശേഷം തിരഞ്ഞെടുപ്പില് മത്സരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വിജയസാധ്യത വര്ധിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്. കേരളത്തില് ബിജെപി പ്രഥമ പരിഗണന നല്കുന്ന തൃശൂരില് തന്നെയാകും സുരേഷ് ഗോപി അടുത്തതവണയും ഇറങ്ങുക. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെയും ഉൾപ്പെടുത്തും.