കണ്ണൂർ
‘‘എന്നെയും പറക്കമുറ്റാത്ത മക്കളെയും തീരാദുഃഖത്തിലാഴ്ത്തിയ സംഭവം കൈപ്പിഴയെന്നു പറഞ്ഞ്, കൊലപാതകം ഹോബിയാക്കിയ കെ സുധാകരന് നിസ്സാരമായി തള്ളാം. എനിക്ക് നഷ്ടമായത് കുടുംബത്തിന്റെ അത്താണിയാണ്. ഒരു കുടുംബത്തെ അനാഥമാക്കിയ രാഷ്ട്രീയപ്രവർത്തനത്തിനാണോ കൈപ്പിഴയെന്ന് പറയുന്നത്’’–- കണ്ണൂർ യോഗശാല റോഡിലെ സേവറി ഹോട്ടലിൽ സുധാകരന്റെ ക്രിമിനൽസംഘം ബോംബെറിഞ്ഞു കൊന്ന കെ നാണുവിന്റെ ഓർമയിൽ വിങ്ങുകയാണ് ഭാര്യ എ എം ഭാർഗവി ഇന്നും. അപ്പോഴും അവരുടെ നെഞ്ചിൽ രോഷത്തിന്റെ കനലെരിയുന്നുണ്ട്.
കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്റെ ക്രിമിനൽ മുഖമാണ് ഇത്തരം സംഭവങ്ങളിയലൂടെ തുറന്നുകാട്ടപ്പെടുന്നത്. 1992 ജൂൺ 13നാണ് സേവറി ഹോട്ടൽ ജീവനക്കാരനായ നാണുവിനെ ഉച്ചനേരത്ത് ബോംബെറിഞ്ഞ് കൊന്നത്. ബോംബേറിൽ നാണുവിന്റെ ശരീരം ചിതറിത്തെറിക്കുമ്പോൾ മൂത്തമകന് എട്ടും രണ്ടാമത്തെ മകന് അഞ്ചും ഇളയമകന് ഒന്നരയും വയസ്സുമാത്രം. കണ്ണൂർ നഗരസഭയിലെ പാർട്ട്ടൈം ജോലി കഴിഞ്ഞാണ് നാണു സേവറി ഹോട്ടലിലെ സഹായത്തിന് നിൽക്കുക. ഉച്ചയ്ക്ക് നല്ല തിരക്കായിരിക്കും. സുധാകരൻ പോറ്റിവളർത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് മുൻ ഡിസിസി ഓഫീസ് സെക്രട്ടറിയും സുധാകരന്റെ ഡ്രൈവറുമായിരുന്ന പ്രശാന്ത്ബാബു വെളിപ്പെടുത്തിയിട്ടുണ്ട്. നാണുവധത്തിനുശേഷം കൊലയാളിസംഘം തിരിച്ചുപോയതും ഡിസിസി ഓഫീസിലേക്ക്. ഈ കൊലപാതകം കൈപ്പിഴയെന്ന് സുധാകരൻ പറഞ്ഞത് മൂന്നു പതിറ്റാണ്ടു കഴിഞ്ഞാണ് .
‘‘തളാപ്പിലും പരിസരത്തും ഡിവൈഎഫ്ഐ പ്രവർത്തനം നടത്തിയ നാണു സിപിഐ എം അംഗമായതോടെ നഗരത്തിലെ പരിപാടികളിൽ സജീവമായി. മഞ്ചപ്പാലത്ത് എന്റെ വീട്ടിലായിരുന്നു താമസം. ഇവിടെയും സജീവമായി പ്രവർത്തിച്ചു’’–-മഞ്ചപ്പാലത്തെ നാണു സ്മാരകത്തിനുപിന്നിലെ വീട്ടിലിരുന്ന് ഭാർഗവി ഓർക്കുന്നു.
നാദാപുരം പുറമേരി സ്വദേശിയായ നാണു സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജോലിതേടിയാണ് കണ്ണൂരിലെത്തിയത്. യോഗശാല റോഡിലെ ഓട്ടോമൊബൈൽ ഷോപ്പിൽ ഏറെക്കാലം ജോലിനോക്കി. പിന്നീട്, നഗരസഭയിൽ താൽക്കാലിക ജോലിക്കാരനായി. ഉച്ചവരെയാണ് ജോലി. അതുകഴിഞ്ഞ് സേവറി ഹോട്ടലിൽ സഹായത്തിന് നിൽക്കും. വൈകിട്ട് പാർടിപ്രവർത്തനങ്ങളുണ്ടാകും. അതും കഴിഞ്ഞേ വീട്ടിലെത്തൂ. ഭാർഗവിക്ക് അന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിയുണ്ടായിരുന്നു. ‘‘ഉച്ചയ്ക്ക് വീട്ടിലെത്തിയാണ് ഞാൻ ഭക്ഷണം കഴിക്കാറ്. അന്നും പതിവുപോലെ ഭക്ഷണം കഴിച്ച് കമ്പനിയിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്’’–- റെയ്ഡ്കോയിൽനിന്ന് വിരമിച്ച ഭാർഗവിയുടെ വാക്കുകൾ മുറിഞ്ഞു. അവർ കണ്ണീരണിഞ്ഞു.