കൊച്ചി> വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2023 ന്റെ പ്രചാരണത്തില്‍ ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി. രണ്ട് മത്സരങ്ങളേയും കോര്‍ത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ് വിംബിള്‍ഡണ്‍ എന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്.
കളിക്കാര്‍ ടെന്നീസ് കളിക്കുന്ന വേഷത്തില്‍ ചുണ്ടന് വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ തരംഗമായിരിക്കുന്നത്. നവാക് ജോക്കോവിച്ച്, കാര്‍ലോസ് അല്ക്കാരാസ്, അര്യാന സാബലെങ്കാ, കാര്‍ലോസ് അക്കാരാസ് തുടങ്ങിയ താരങ്ങള്‍ വഞ്ചി തുഴയുന്ന ചിത്രമാണ് ലണ്ടണിലെ വിംബിള്‍ടണ്‍ സംഘാടകര്‍ പുറത്തിറക്കിയത്.
വള്ളംകളി മത്സരങ്ങള്‍ അതിന്റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ‘ ബോട്ട് റേസില്‍’ ആര് ജയിക്കും , വിംബിള്‍ഡണ്‍ മത്സരത്തില്‍ ആര് ചാമ്പ്യനാകും എന്ന ഇമോജിയോടെയുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിംബിള്‍ഡണ്‍ പേജ് പങ്കുവച്ചിരിക്കുന്നത്
കേരളവും ലണ്ടനും കൈകൊടുക്കുന്നതിന്റെ ഇമോജിയും റെഡി ഫോര്‍ ദി ആനുവല്‍ ബോട്ട് റേസ്! ഹു വില്‍ ബി ലിഫ്റ്റിംഗ് ദി 2023 വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നതുമാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇതാദ്യമായല്ല അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രചാരണത്തില്‍ കേരളം ഇടംപിടിക്കുന്നത്. മുമ്പ് ചെല്‍സിയ ഫുട്ബോള്‍ ക്ലബ് ആലപ്പുഴയുടെ കായലോരത്തിന്റെ പശ്ചാത്തലത്തിലൂടെ വിര്‍ച്വല്‍ ടൂര്‍ നടത്തിയിരുന്നു.
കേരളത്തിലെ ചുണ്ടന് വള്ളങ്ങളുടെ ചാമ്പ്യന്‍സ് ബോട്ട് ലീഗായ സിബിഎല്ലിന് ഇതോടെ അന്താരാഷ്ട്ര പ്രശസ്തി കൈവന്നിരിക്കുകയാണ്. വിംബിള്‍ഡണ്‍ ആരംഭിച്ച തിങ്കളാഴ്ച തന്നെയാണ് ചമ്പക്കുളം മൂലം വള്ളംകളിയോടെ ഈ വര്‍ഷത്തെ സിബിഎല്ലടക്കമുള്ള ചുണ്ടന് വള്ളമത്സരങ്ങളുടെ സീസണും ആരംഭിച്ചത്.
കേരളത്തിലെ ടൂറിസം മേഖലക്ക് കൂടി ഈ ചിത്രം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.