കോഴിക്കോട്
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതിയിൽ ഉറച്ച് മുൻ ഡ്രൈവർ പ്രശാന്ത് ബാബു. തിങ്കളാഴ്ച കോഴിക്കോട് വിജിലൻസ് ഓഫീസിൽ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ പകൽ രണ്ടുവരെ തുടർന്നു. 2021ൽ പ്രശാന്ത് ബാബു വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശേഖരിച്ച തെളിവുകൾ മുൻനിർത്തിയായിരുന്നു മൊഴിയെടുക്കൽ. അടുത്ത ഘട്ടത്തിൽ കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തും. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂളും സ്ഥലവും ഏറ്റെടുക്കാൻ വൻതോതിൽ പണപ്പിരിവ് നടത്തിയശേഷം സ്കൂൾ ഏറ്റെടുത്തില്ലെന്നാണ്
പ്രധാന പരാതി. 7.5 ഏക്കറിൽ വിദ്യാഭ്യാസ ഹബ് സ്ഥാപിക്കാൻ വിദേശത്തുനിന്നുൾപ്പെടെ 32 കോടി രൂപ പിരിച്ചതായും അത് സ്കൂളിനുവേണ്ടി ചെലവഴിച്ചില്ലെന്നുമാണ് പരാതി.
കൂടാതെ കണ്ണൂർ ഡിസിസി ഓഫീസിനുവേണ്ടി പിരിച്ച കോടികൾ വകമാറ്റിയെന്നും സ്വന്തം പേരിലും ബിനാമി പേരുകളിലും സുധാകരന് കോടികളുടെ അനധികൃത സമ്പാദ്യമുണ്ടെന്നും പരാതിയിലുണ്ട്. ഇതിന്റെ വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് തെളിവ് ശേഖരിക്കുന്നത്.
കണ്ണൂർ എടക്കാട്ടെ ആഡംബര വീട്, മറ്റു സ്വത്ത് വകകൾ, വാഹനങ്ങൾ, ബിനാമി ബിസിനസുകൾ എന്നിവ സംബന്ധിച്ച തെളിവുകളാണ് ശേഖരിക്കുന്നത്. എംഎൽഎയും എംപിയുമായ കാലയളവിലെ ഔദ്യോഗിക വരുമാനവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ചിലതിൽ വ്യക്തത തേടി ലോക്സഭാ സെക്രട്ടറിക്ക് വിജിലൻസ് അപേക്ഷ നൽകി. രേഖകളും തെളിവുകളും ക്രോഡീകരിച്ചശേഷം കെ സുധാകരന്റെ മൊഴിയെടുക്കുമെന്ന് എസ്പി കെ പി അബ്ദുൾ റസാഖ് പറഞ്ഞു.