തിരുവനന്തപുരം> രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സകൾ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയതിൽ അഭിനന്ദനമറിയിച്ച് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രി കൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഹൈദരാബാദിൽ നടന്ന നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ 3,446 കാർഡിയോ ഇന്റർവെൻഷൻ ചികിത്സയാണ് ഇവിടെ നൽകിയത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇത്തരം ചികിത്സകൾ സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ് സൗജന്യനിരക്കിൽ ചെയ്തുനൽകുന്നത്. മികച്ച സേവനം നൽകി അഭിമാനമായ കാർഡിയോളജി വിഭാഗത്തിലെ മുഴുവൻ പേരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ശസ്ത്രക്രിയയില്ലാതെ ചുരുങ്ങിയ വാൽവ് നേരെയാക്കൽ, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവർക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്മേക്കർ, ഹൃദയമിടിപ്പ് കൂടി മരണപ്പെടാൻ സാധ്യതയുള്ളവർക്കുള്ള സിആർടി തെറാപ്പി, റീ സിങ്ക്രണൈസേഷൻ തെറാപ്പി, സങ്കീർണ ഹൃദ്രോഗങ്ങൾക്ക് പോലും ഓപ്പറേഷൻ ഇല്ലാതെ നേരെയാക്കുന്ന ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാർഡിയോ ഇന്റർവെൻഷൻ ചികിത്സയിലൂടെ മെഡിക്കൽ കോളേജിൽ ചെയ്തു കൊടുക്കുന്നു. ഇതുകൂടാതെ അതിസങ്കീർണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കൽ കോളേജിൽ ചെയ്യുന്നുണ്ട്. മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിന് കീഴിൽ രണ്ട് കാത്ത് ലാബുകളാണുള്ളത്. ഇന്ത്യയിലാദ്യമായി ന്യൂറോളജി വിഭാഗത്തിന് കീഴിൽ ആദ്യ കാത്ത് ലാബും മെഡിക്കൽ കോളേജിൽ അടുത്തിടെ സ്ഥാപിച്ചു. 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തിലാണ് കാർഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബുകൾ ക്രമീകരിച്ചിരിക്കുന്നത്.