കാഞ്ചനയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരം ചെയ്ത ആർ എസ് വിമൽ എട്ടുവർഷത്തിനുശേഷം മലബാറിലെ മറ്റൊരു യഥാർഥ പ്രണയകഥയുമായി മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. ശശിയും ശകുന്തളയും ജൂലൈ മാസത്തിൽ തിയറ്ററുകളിലെത്തും. ആർ എസ് വിമൽ സംസാരിക്കുന്നു.
ശശിയും ശകുന്തളയും
കഥയും തിരക്കഥയും രചിച്ച് ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. ബിച്ചാൾ മുഹമ്മദാണ് സംവിധാനം. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും.1970––75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളാണ് കഥയുടെ പശ്ചാത്തലം. രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവും കോളേജ് വിദ്യാർഥികളും അധ്യാപകരും എല്ലാം ചേർന്ന ഒരു കാലഘട്ടത്തെ അടയാളപെടുത്തുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേത്.
ആർ എസ് വിമൽ
അഭിനേതാവായും
ഞാൻ ആദ്യമായി അഭിനയ രംഗത്തേക്ക് വരുന്ന ചിത്രം കൂടിയാണിത്. പലിശ പരമു എന്ന കഥാപാത്രം ചെയ്യുന്നു. ഷാഹിൻ സിദ്ദീഖ് ആദ്യമായി നായകനായി എത്തുന്നു. അശ്വിൻകുമാർ സുധാകരൻ, സിദ്ദീഖ്, നേഹ (ആമി), രസ്ന പവിത്രൻ, ബാലാജി ശർമ, ബിനോയ് നമ്പ്യാല, സൂര്യകൃഷ്ണ തുടങ്ങിയവരും ഏതാനും പുതുമുഖ താരങ്ങളും അണിനിരക്കുന്നു.
റിയൽ സ്റ്റോറി
യഥാർഥസംഭവങ്ങളും ചരിത്രവും പുരാണവും കേൾക്കാനാണ് എനിക്കിഷ്ടം. പ്രേക്ഷകർക്കും അതുതന്നെയായിരിക്കും ഇഷ്ടം. അത് സിനിമയോ കഥയോ അല്ലല്ലോ ജീവിതമല്ലേ. അതുകൊണ്ട് തന്നെ യഥാർഥ കഥയ്ക്ക് എന്നും പ്രേക്ഷകരുണ്ട്. മാധ്യമപ്രവർത്തന കാലത്തെ യഥാർഥ സംഭവങ്ങൾ തേടിയുള്ള യാത്രകളിലാണ് പല കഥകളും മനസിലേക്കെത്തിയത്. പഠിക്കുന്ന ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്ത അനുഭവങ്ങളും കോളേജ് കാലത്തെ മാഗസിൻ എഡിറ്റർ എന്ന നിലയിലുള്ള അനുഭവങ്ങളും കൂട്ടിചേർത്ത് കോഴിക്കോട് വടകരയിലെ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ശശിയും ശകുന്തളയും.
ഇഷ്ട ലൊക്കേഷൻ
മൊയ്ദീൻ ഷൂട്ട് ചെയ്ത കൊല്ലംങ്കോട് തന്നെയാണ് ശശിയും ശകുന്തളയും ഷൂട്ടു ചെയ്തത്. മൊയ്ദീന്റെ ഷൂട്ടിങ്ങിന് മുക്കത്തിന്റെ സെറ്റിട്ട കൊല്ലംങ്കോട് ജങ്ഷൻ ഇന്ന് മുക്കം ജങ്ഷൻ എന്നാണറിയപ്പെടുന്നത്. എന്റെ ഇഷ്ട ലൊക്കേഷനാണ് പാലക്കാടും കൊല്ലംക്കോടും .
പ്രണയം പ്രിയവിഷയം
ഏറ്റവും പ്രിയപ്പെട്ട വിഷയം പ്രണയമാണ്. ലോകത്തിൽ പ്രണയത്തിന്റെ ഏറ്റവും വലിയ ചിഹ്നമായി ഞാൻ കാണുന്നത് കുരിശുമരണം വരിച്ച ക്രിസ്തുവിനെയാണ്. എന്നാൽ, ഇന്നത്തെ പ്രണയത്തിന്റെ അടയാളമായി ഞാൻ പറയുന്നത് പട്ടണങ്ങളിൽ ഇസ്തിരിയിടാൻ എത്തുന്ന തമിഴന്റെ തേപ്പുപ്പെട്ടിയാണ്. പൊറ്റക്കാടിനേയും എം ടിയേയും തിക്കോടിയനേയും വായിച്ച് വളർന്ന സ്വാധീനമാണ് എന്റെ കഥകളിൽ ഉണ്ടാവുന്നത്. മൊയ്ദീന്റെയും കാഞ്ചനമാലയുടേയും പ്രണയമല്ലല്ലോ ഇന്നത്തേത്.
ലഹരിയും സിനിമയും
നാട്ടിലെങ്ങും ലഹരി ഉപയോഗം കൂടി വരികയാണ്. മദ്യം എന്നത് മാറി ചെറുപ്പക്കാരിൽ കഞ്ചാവും എംഡിഎംഎ പോലുള്ള കാര്യങ്ങൾ സാധാരണമാവുന്നു. ഇത് മറ്റു മേഖലയിലേതു പോലെ തന്നെ സിനിമയിലും ബാധിക്കുന്നുണ്ട്. ലഹരിക്കടിമപ്പെട്ട ഒരധ്യാപകൻ മകളുടെ പ്രായമുള്ള കുട്ടിയെ കുത്തികൊന്നത് പോലുള്ള സംഭവങ്ങൾ സിനിമ മേഖലയിലെ ആരും ചെയ്തിട്ടില്ല.
കർണൻ ഈ വർഷം
300 കോടി രൂപ മുതൽമുടക്കിൽ പാൻ ഇന്ത്യൻ മൂവിയായി ഒരുക്കുന്ന എന്റെ സ്വപ്ന ചിത്രം കർണന്റെ ചിത്രീകരണം ഈ വർഷം അവസാനം തുടങ്ങും. ചിയാൻ വിക്രം ആണ് നായകൻ. 6 വർഷം എടുത്താണ് എഴുത്തു ജോലികൾ പൂർത്തിയാക്കിയത്.