കാസർകോട്> പെരുന്നാൾ ആഘോഷത്തിന് ഉപ്പുപ്പായുടെ വീട്ടിലെത്തിയ സഹോദരങ്ങൾ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം പള്ളിക്കുളത്തിൽ ശനി ഉച്ചയോടെയാണ് സംഭവം. ഹൊസങ്കടി കടമ്പാർ മജിവയലിലെ അബ്ദുൽ ഖാദറിന്റെയും – നബീസയുടെയും മക്കളായ നവാൽ റഹ്മാൻ (22), നാസിൽ (15) എന്നിവരാണ് മരിച്ചത്.
കുളത്തിലെ ചെളിയിൽ പൂണ്ടാണ് രണ്ടുപേരും മരിച്ചത്. ഇവരുടെ കൂടെ ബന്ധുക്കളായ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. തൊട്ടടുത്ത് റെയിൽ പാളത്തിലൂടെ നടന്നുപോവുകയായിരുന്ന മറ്റ് കുട്ടികളാണ് ഇവരുടെ ബഹളം കേട്ട് നാട്ടുകാരെ വിവരം അറിയിച്ചത്. ഓടിക്കൂടിയവർ കുളത്തിൽ നിന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കുമ്പള അക്കാഡമിയിൽ ഡിഗ്രി വിദ്യാർഥിയാണ് നവാൽ. നാസിൽ കടമ്പാർ സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞു. സഹോദരൻ: നിഹാൽ. പിതാവ് അബ്ദുൽ ഖാദർ നേരത്തെ ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്.