തിരുവനന്തപുരം > ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഡോക്ടേഴ്സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടർമാരുടെ സേവനത്തിന്റെ മാഹാത്മ്യം ഏറ്റവുമധികം ബോധ്യപ്പെട്ട കാലഘട്ടം കൂടിയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചെറുക്കാൻ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ഓർഡിനൻസ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. മന്ത്രി പറഞ്ഞു. എല്ലാ ഡോക്ടർമാർക്കും മന്ത്രി ആശംസകൾ നേർന്നു.
വെല്ലുവിളികൾ അതിജീവിച്ചുകൊണ്ട് നിസ്വാർത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടർമാരെ ആദരിക്കാനാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിന് ജനിച്ച് 1962 ജൂലൈ ഒന്നിന് മരണമടഞ്ഞ ഡോ. ബി സി റോയ്യുടെ സ്മരണാർത്ഥമാണ് ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഇത്തവണത്തെ ഡോക്ടേഴ്സ് അവാർഡ് പുതിയ മാർഗരേഖയനുസരിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. ഇപ്പോൾ ഡോക്ടർമാർക്കുള്ള അവാർഡിലും അവാർഡ് തുകയിലും മാറ്റം വരുത്താൻ തീരുമാനിച്ചു. ഇതിനായി മാർഗരേഖ തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് അവാർഡ് വിതരണം ചെയ്യും.മന്ത്രി അറിയിച്ചു.