തിരുവനന്തപുരം > പകർച്ചപ്പനി പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു. ജില്ലകൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ കളക്ടർമാർ വിവരിച്ചു.
മഴക്കാലത്ത് പകർച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകൾ ചേർന്ന് യോജിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 2023ൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നിൽക്കണ്ട് വലിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. അതിൽ ജില്ലാ കളക്ടർമാരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ കൂടിയാണ് യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യം, റവന്യൂ, പിഡബ്ല്യുഡി, പോലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കുന്നതിന് കളക്ടർമാർ മുൻകൈയ്യെടുക്കണം. എല്ലാ വാർഡുകളിലേയും ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കണം. കളക്ടർമാർ അടിയന്തരമായി യോഗം ചേർന്ന് യോഗത്തിലെ നിർദേശങ്ങൾ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടർമാർ വിളിച്ചു ചേർക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ പനിബാധിതർക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. റവന്യൂ വകുപ്പിന്റെ പൂർണ പിന്തുണയും മന്ത്രി നൽകി.
ഡെങ്കി പ്രതിരോധത്തിൽ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരാൻ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിൽ തീരുമാനമെടുത്തിരുന്നതായും മന്ത്രി അറിയിച്ചു.
എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങള്‍ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടര്‍മാര്‍ അവരുടെ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കേണ്ടതാണ്. മന്ത്രി പറഞ്ഞു.
ഇന്‍ഫ്ളുവന്‍സ പ്രതിരോധത്തിന് മാസ്ക് നല്ലതാണ്. കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ മാസ്ക് ധരിക്കുന്നതാണ് ഉചിതം. ആശുപത്രികള്‍ മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മരുന്നിന്റെ ശേഖരം 30 ശതമാനത്തില്‍ കുറയും മുമ്പ് ബന്ധപ്പെട്ടവരെ അറിയിക്കണം. ആരോഗ്യ വകുപ്പ് കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൊതുകിന്റെ ഉറവിടത്തിന് കാരണമാകുന്ന തോട്ടങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ച് നടപടി സ്വീകരിക്കണം. മരുന്ന് വിതരണം സുഗമമാക്കുന്നതിന് വാഹനങ്ങളുടെ ലഭ്യത കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
ആരോഗ്യ വകുപ്പിലേയും റവന്യൂ വകുപ്പിലേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.