പാലക്കാട് > ധനമൂലധന വാഴ്ചയുടെ പിടിയിൽനിന്ന് പുറത്തുവന്നാലേ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂയെന്നും ക്ഷേമരാഷ്ട്രം സാധ്യമാകൂവെന്നും സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക്. ഇതിനായി ഇടതുപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകണം. ടി ശിവദാസമേനോൻ അനുസ്മരണത്തിന്റെ ഭാഗമായി സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കംകുറിച്ച് ‘കൊള്ള മുതലാളിത്തത്തിനും സംഘപരിവാർ ആധിപത്യത്തിനും കീഴിലെ വർത്തമാന ഇന്ത്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെ പ്രതിരോധങ്ങളെ ചെറുക്കാൻ അതിഭീകര ആക്രമണമാണ് ഫാസിസ്റ്റുകൾ നടത്തുന്നത്. ഭക്ഷണത്തിനും ജോലിക്കുമുള്ള അവകാശം, ആരോഗ്യം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, വാർധക്യപെൻഷൻ, -ഭിന്നശേഷി പെൻഷൻ എന്നിങ്ങനെ അഞ്ച് അവകാശങ്ങൾ മൗലികമാക്കണം. അങ്ങനെവന്നാൽ സാമ്പത്തിക അസമത്വം ഒഴിവാക്കാനാകും. ഭിന്നിപ്പിച്ചുള്ള ഭരണം ഇല്ലാതാക്കാൻ സാധിക്കും. അതിസമ്പന്നർക്ക് രണ്ടുശതമാനം നികുതി ചുമത്തിയാൽ ഈ അവകാശങ്ങൾ ഉറപ്പാക്കാനാകും.
ഇന്ത്യയിൽ ഫാസിസ്റ്റ്–-കോർപറേറ്റ് സംഖ്യം രൂപപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ കോർപറേറ്റ് സഖ്യമെന്നാണ് നാം അവരെ വിളിക്കുന്നത്. ഇവർ നേരിട്ട് ഭരണത്തിൽ ഇടപെടുന്നു. സമ്പൂർണ അടിച്ചമർത്തലാണ് ഇവരുടെ നയം. ബുദ്ധിജീവികൾ, കൃഷിക്കാർ, സ്വന്തമായി അഭിപ്രായം പറയുന്നവർ എന്നിവരെ അടിച്ചമർത്തുകയാണ്. ഇന്ത്യ വലിയ വളർച്ച നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഗുരുതര സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും -പ്രഭാത് പട്നായിക് പറഞ്ഞു.