തിരുവനന്തപുരം > കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ഇ എം എസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. ഇ എം എസ് ഹാളിനു പുറമെ ട്രാൻസലേഷണൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ സെന്റർ, ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റർനാഷണൽ സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച്, എ ആർ രാജരാജവർമ്മ ട്രാൻസിലേഷൻ സ്റ്റഡിസെന്റർ എന്നിവയുടെയും ഉദ്ഘാടനം നടന്നു.
നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നതവിദ്യാഭ്യാസ രംഗത്ത് വേഗത്തിൽ നടക്കുകയാണ്. രാജ്യത്തെ ആദ്യ പത്ത് സർവ്വകലാശാലകളിൽ കേരള സർവ്വകലാശാല എത്തുക എന്നതാണ് ലക്ഷ്യം. വിവിധ റാങ്കിങ്ങിൽ മുന്നേറ്റം നടത്തിയ കേരള സർവ്വകലാശാല മികച്ച മാതൃകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ പുരോഗമന മുന്നേറ്റവും, സാമ്പത്തിക വളർച്ചയും സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. മന്ത്രി പറഞ്ഞു.
പുതുതായി തുടങ്ങുന്ന സെന്റർ ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ ട്രെയിനിങ് (C-APT) സെന്ററും സുഗതകുമാരി സ്മൃതിവനവും ശ്രീനാരായണ സാഹിത്യത്തിന്റെ വിവരണാത്മക ഗ്രന്ഥ സൂചികയും വിദ്യാർത്ഥി സമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്. ഫിസിക്സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയൽ ലബോറട്ടറി കെട്ടിട ഉദ്ഘാടനവും അയ്യപ്പണിക്കർ സ്മാരക ഫോറിൻ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ചടങ്ങിൽ നിർവ്വഹിച്ചു.