വടകര/കോഴിക്കോട് > അലങ്കാരച്ചെടിയെ കഞ്ചാവുചെടിയാക്കി വടകര നഗരസഭയെ അപകീർത്തിടുത്താനുള്ള മലയാള മനോരമയുടെ ദുഷ്ടബുദ്ധി പൊളിഞ്ഞുവീണു. നഗരസഭയുടെ ചെലവിൽ കഞ്ചാവ് ചെടി തഴച്ചുവളരുന്നു എന്നാണ് മനോരമയാണ് വ്യാഴാഴ്ച വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പഴയ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽനിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയതെന്നാണ് വാർത്തയിൽ പറഞ്ഞത്. എന്നാൽ ചെടിച്ചട്ടിയിൽ ഉണ്ടായിരുന്നത് കഞ്ചാവ് ചെടിയല്ലെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന്റെ പേരിൽ പൊലീസ് ചെടിച്ചട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ ഇതല്ലെന്നറിഞ്ഞതോടെ ചെടി നശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
നഗരസഭ തന്നെ കഞ്ചാവ് ചെടി വളർത്തിയെന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമക്കെതിരെ വൻ പ്രതിഷേധമാണുയർന്നത്. നഗരസൗന്ദര്യവൽക്കരണത്തിനായി ഒരുവർഷം മുമ്പ് വിവിധ ചെടികൾ വളർത്തിയ 600 ഓളം ചട്ടികളാണ് പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ചത്. പദ്ധതിക്ക് വ്യാപാരികളിലും പൊതുജനങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇടക്കാലത്ത് പരിപാലനത്തിനായി രണ്ടുമാസത്തേക്ക് നഴ്സറി നടത്തിപ്പുകാർക്ക് കരാർ നൽകിയിരുന്നു. ഇത് മാർച്ച് 31ന് അവസാനിച്ചു. അതിനുശേഷം നഗരസഭാ കണ്ടിൻജൻസി ജീവനക്കാരാണ് ചെടിച്ചട്ടികൾ പരിപാലിക്കുന്നത്.
വ്യാജവാർത്ത: നഗരസഭാ കൗൺസിൽ പ്രതിഷേധിച്ചു
വടകര> നഗരസഭ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കുന്നു എന്ന രീതിയിൽ ദുഷ്ടലാക്കോടെ മലയാള മനോരമ ദിനപത്രം വാർത്ത നൽകിയതിൽ നഗരസഭാ കൗൺസിൽ പ്രതിഷേധിച്ചു. നഗരസൗന്ദര്യവൽക്കരണത്തിനായി ടൗണിൽ സ്ഥാപിച്ച ചെടിച്ചട്ടികളിൽ കഞ്ചാവ് കൃഷി പരിപോഷിപ്പിക്കുന്നെന്നാണ് ബുധനാഴ്ച നൽകിയ വാർത്ത. ഇത് വസ്തുതാവിരുദ്ധവും അപകീർത്തികരവുമാണ്. ഇങ്ങനെ ഒരു വാർത്ത കൊടുക്കുന്നതിനുമുമ്പ് നഗരസഭാ അധികൃതരുമായി ബന്ധപ്പെടാനുള്ള സാമാന്യ മര്യാദപോലും ലേഖകൻ കാണിച്ചില്ല. മാത്രവുമല്ല അത് കഞ്ചാവ് ചെടിയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണെന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും ലേഖകനുണ്ട്. തെറ്റായ വാർത്ത പിൻവലിച്ച് മാപ്പ് പറയാൻ ലേഖകൻ തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി നഗരസഭയ്ക്ക് മുന്നോട്ടുപോവേണ്ടി വരും. സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ രീതിയിൽ ലഹരിവിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുപോവുന്ന തദ്ദേശസ്ഥാപനത്തിനെതിരെയാണ് വാർത്ത നൽകിയതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.