തിരുവനന്തപുരം> സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിൽ ജൂലൈ 15 വരെ അനുവദിച്ചത് 697.99 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം. 2.70 ലക്ഷം പേരുടെ ചികിത്സാ ചെലവ് 481 ആശുപത്രിക്കായി കൈമാറി. അവയവമാറ്റ ശസ്ത്രക്രിയക്കായി 1912 പേർക്ക് 38.60 കോടി രൂപയും നൽകി.
ഇക്കാലയളവിൽ ആകെ 717.56 കോടി രൂപയുടെ ചികിത്സ ആശുപത്രികൾ ലഭ്യമാക്കി. 2.97 ലക്ഷം പേരുടെ ബില്ലുകളാണ് ഇൻഷുറൻസ് കമ്പനി മുമ്പാകെ എത്തിയത്. ബാക്കിയുള്ളവ നടപടിക്രമങ്ങളിലാണ്. ഇവ അടിയന്തരമായി പൂർത്തിയാക്കി, തുക ആശുപത്രികൾക്ക് ലഭ്യമാക്കും. 323 സഹകരണ, സ്വകാര്യ ആശുപത്രികൾ, 143 സർക്കാർ ആശുപത്രികൾ, ആർസിസി, മലബാർ കാൻസർ സെന്റർ, സംസ്ഥാനത്തിന് പുറത്തെ 13 സ്വകാര്യ ആശുപത്രികൾ എന്നിവയാണ് മെഡിസെപ് സേവനം ഉറപ്പാക്കുന്നത്.
പദ്ധതി നടത്തിപ്പുചുമതലയിലുള്ള ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പ്രീമിയം വർധന ആവശ്യപ്പെട്ടു. ഇത് പരിഗണിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. 500 കോടി രൂപയാണ് വാർഷിക പ്രീമിയമായി കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഗുണഭോക്താവിനും പരിരക്ഷ ലഭിക്കുന്ന കുടുംബാംഗങ്ങൾക്കുമായി 6000 രൂപ പ്രതിവർഷ പ്രീമിയം നിശ്ചയിച്ചു. പ്രീമിയം മൂന്നു ഗഡുക്കളായി സർക്കാർ നൽകി. ഇത് ജീവനക്കാരിൽനിന്ന് 12 മാസ തവണയായാണ് ശേഖരിക്കുന്നത്. പെൻഷൻകാർക്ക് അനുവദിക്കുന്ന ചികിത്സാ സഹായ അലവൻസ് പ്രീമിയത്തിന് മാറ്റുന്നു. ഇത്തരത്തിലാണ് പദ്ധതി മുന്നേറുന്നത്. എന്നാൽ, ക്ലെയിം തുക വാർഷിക പ്രീമിയം തുകയേക്കാൾ ഉയർന്ന സാഹചര്യത്തിലാണ് നഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനി പ്രീമിയം വർധന ആവശ്യപ്പെട്ടത്.
നിലവിൽ കമ്പനിയുമായുള്ള കരാർ മൂന്നുവർഷത്തേക്കാണ്. ആദ്യവർഷം പൂർത്തീകരിക്കുന്നതേയുള്ളൂ. പ്രീമിയം സമാഹരണ രീതിയെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി പരിഗണനയിലാണ്.