വാഷിങ്ടൺ
ബഹിരാകാശമേഖലയിൽ ശ്രദ്ധേയമായ നേട്ടവുമായി യുഎസിന്റെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ബഹിരാകാശ യാത്രികരുടെ മൂത്രത്തിന്റെയും വിയർപ്പിന്റെയും 98 ശതമാനവും കുടിവെള്ളമാക്കിമാറ്റാനായെന്ന് നാസ അറിയിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കം സുദീര്‍ഘ ബഹിരാകാശദൗത്യങ്ങളില്‍ വന്‍മാറ്റം കൊണ്ടുവരുന്ന കണ്ടുപടിത്തമാണിത്. കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിക്കേണ്ട ദൗത്യങ്ങൾക്ക് പുറപ്പെടുന്ന സമയത്ത് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇതോടെ കുറയ്ക്കാൻ കഴിയും.
കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും മറ്റ് ശുചിത്വ ആവശ്യങ്ങൾക്കുമായി ഐഎസ്എസിലെ ഓരോ ബഹിരാകാശ യാത്രികനും ദിവസം ഒരു ഗാലൻ (ഏകദേശം മൂന്നേമുക്കാൽ ലിറ്റർ) വെള്ളം വേണം. ബഹിരാകാശത്തേക്ക് വെള്ളമെത്തിക്കുക എന്നത് ഏറെബുദ്ധിമുട്ടുള്ളകാര്യമാണ്. വെള്ളം പുനരുപയോഗിക്കാൻ കഴിയുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനായി.